അംബാല: ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം നാളെ ഹരിയാനയിൽ ആരംഭിക്കവെ കൊവാക്‌സിൻ സ്വീകരിക്കാൻ സംസ്ഥാനത്തെ മന്ത്രിയും. ഹരിയാന ആരോഗ്യ- നഗര വികസന ക്യാബിനറ്റ് മന്ത്രിയായ അനിൽ വിജ് അംബാലയിലെ സിവിൽ ആശുപത്രിയിൽ നിന്ന് രാവിലെ 11 മണിക്ക് കൊവാക്‌സിൻ പരീക്ഷണ ഡോസ് സ്വീകരിക്കും. വാക്സിൻ പരീക്ഷണത്തിൽ ഭാഗഭാക്കാവാനുളള താൽപര്യം മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് താൻ നാളെ വാക്‌സിൻ പരീക്ഷണത്തിന് വാക്‌സിൻ സ്വീകരിക്കുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ മന്ത്രി ഇന്ന് അറിയിക്കുകയായിരുന്നു.
'ഭാരത് ബയോടെകിന്റെ കൊവാക്‌സിന്റെ പരീക്ഷണ ഡോസ് നാളെ രാവിലെ 11ന് അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ വച്ച് ഞാൻ സ്വീകരിക്കും. നിരീക്ഷണത്തിനായി ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘവുമുണ്ടാകും.' അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ വാക്‌സിനുകളിൽ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത് കൊവാക്‌സിൻ മാത്രമാണ്. ഐ.സി.എം.ആറുമായി സഹകരിച്ചുളള പരീക്ഷണങ്ങൾക്ക് 26,000 പേരാണ് ഇന്ത്യയിലാകെ സഹകരിക്കുക. ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയിരം പേരിലായിരുന്നു പരീക്ഷണം.
ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിനും ഏതാണ്ട് മൂന്നാമത് പരീക്ഷണഘട്ടം പൂർത്തിയാക്കാറായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഡോ.റെഡ്‌ഡീസ് ലബോറട്ടറിയിൽ വൈകാതെ ആരംഭിക്കും. ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കൊവിഡ് വാക്‌സിനും ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നാളെ പരീക്ഷണം ആരംഭിക്കുന്ന ഹരിയാനയിൽ 20,000ത്തോളം ആക്‌ടീവ് കേസുകളാണുളളത്. 24 മണിക്കൂറിനിടെ 390 പുതിയ കേസുകൾ റിക്കോർഡ് ചെയ്‌തു. 30 പേർ മരണമടഞ്ഞു. അതേസമയം മൂന്ന് നാല് മാസങ്ങൾക്കകം രാജ്യത്ത് കൊവിഡ് വാക്‌സിൻ തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യപ്രവർത്തകർക്കും 65 വയസിന് മുകളിലുളളവർക്കുമാകും ആദ്യം വാക്‌സിൻ നൽകുക.