കറാച്ചി: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്ത് ഉദ്വയുടെ തലവനുമായ ഹാഫിസ് സയ്യിദിന് 10 വർഷം തടവു ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. രണ്ട് ഭീകരാക്രമണ കേസുകളിലാണ് സയ്യിദിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയ്യിദിനെ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്തത്.
നിരോധിക്കപ്പെട്ട സംഘടനയായ ജമാഅത്ത് ഉദ്വയുടെ തലവൻ ഹാഫിസ് സയ്യിദ് ഉൾപ്പെടെ സംഘടനയിലെ നാല് നേതാക്കളെയാണ് ലാഹോറിലെ ഭീകര വിരുദ്ധ കോടതി രണ്ട് കേസുകളിൽ ശിക്ഷിച്ചിരിക്കുന്നതെന്ന് കോടതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഹാഫിസ് സയ്യിദ്, സഹായികളായ സഫർ ഇക്ബാൽ, യഹ്യാ മുജാഹിദിൻ എന്നിവർക്ക് 10 വർഷവും സയ്യിദിന്റെ ബന്ധു അബ്ദുൾ റഹ്മാൻ മക്കിക്ക് ആറ് മാസത്തെ തടവുമാണ് ശിക്ഷ.
166 പേർ കൊല്ലപ്പെട്ട 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സയ്യിദ്. ഇതിനുശേഷം ഹാഫിസ് സയ്യിദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ഹാഫിസിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 മില്യൺ ഡോളർ വിലയിടുകയും ചെയ്തിരുന്നു.