ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ ഇംഗ്ലണ്ടിനും ഇറ്റലിയ്ക്കും ഹോളണ്ടിനും ബെൽജിയത്തിനും തകർപ്പൻ ജയം. ബോസ്‌നിയയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി ഇറ്റലി സെമി ഫൈനലിലെത്തി. ഇറ്റലി തോൽവിയറിയാത്ത തുടർച്ചയായ 22-ാം മത്സരമായിരുന്നു ഇത്.
. 22-ാം മിനിട്ടില്‍ ആന്ദ്രേ ബെലോറ്റിയിലൂടെ ലീഡെടുത്ത ഇറ്റലിക്കായി ബെറാഡി 68-ാം മിനിട്ടിലാണ് രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ 12 പോയന്റുകളുമായി ഇറ്റലി ഒന്നാമതെത്തി. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോച്ച് മാഞ്ചീനി ഇറ്റലിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. പരിക്കേറ്റ ചെല്ലിനി, ബൊനൂച്ചി, ഇമ്മൊബൈൽ എന്നിവരും കളിക്കാനിറങ്ങിയിരുന്നില്ല.
ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിലാണ് ഇംഗ്ലണ്ട് എതിരില്ലാത്ത നാലുഗോളുകൾക്ക് ഐസ്‌ലാൻഡിനെ തകർത്തത്. റൈസിലൂടെ 20-ാം മിനിട്ടിൽ ഗോൾ വേട്ട തുടങ്ങിയ ഇംഗ്ലണ്ടിനായി മേസണ്‍ മൗണ്ട് 24-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി. 80, 84 മിനിട്ടുകളിലാണ് ഫോഡൻ ഗോളുകൾ നേടിയത്. വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ സെമിയിൽ കടന്നില്ല.
പോളണ്ടിനെ 2-1 നാണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. അഞ്ചാം മിനിറ്റിൽ തന്നെ പോളണ്ടിനായി ജോസ്വിയാക്ക് ഗോള്‍ നേടിയെങ്കിലും സൂപ്പർ താരം മെംഫിസ് ഡെപ്പെ, ക്യാപ്ടൻ വിനാൽഡം എന്നിവരുടെ ഗോളുകളിലൂടെ ഹോളണ്ട് വിജയം കരസ്ഥമാക്കി.
രണ്ടിനെതിരെ നാലുഗോളുകൾക്ക് ഡെന്മാർക്കിനെ തകർത്താണ് ബെൽജിയം സെമി ഫൈനലിൽ എത്തിയത്.. ലുക്കാക്കു ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ടീയലിമാൻസ്, ഡിബ്രുയിൻ എന്നിവർ ഓരോ ഗോളടിച്ചു.
ഇതോടെ യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. ഇറ്റലി, ബെൽജിയം, ഫ്രാൻസ്, സ്‌പെയ്ൻ എന്നീ ടീമുകളാണ് സെമി ഫൈനലിൽ എത്തിയിരിക്കുന്നത്.