pic

മെൽബൺ: ചെെനയുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ചെെനീസ് വിരുദ്ധ നിയമങ്ങൾ നടപാക്കിയതിന് പിന്നാലെ ചെെന ശത്രുവായിരിക്കുമെന്ന ചെെനീസ് എംബസിയുടെ മുന്നറിയിപ്പ് തള്ളിയാണ് സ്കോട്ട് മോറിസൺ ഇക്കര്യം വ്യക്തമാക്കിയത്.


"ചെെനീസ് എംബസിയിൽ നിന്നും വന്ന മുന്നറിയിപ്പ് ‌ദേശീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നിയമം നിർമിക്കുന്നതിൽ നിന്നും രാജ്യത്തെ തടയില്ല. ഞങ്ങളുടെ നിക്ഷേപ നിയമങ്ങൾ എന്തൊക്കെയാണെന്നും 5ജി നെറ്റ്‌വർക്കിംഗ് ടെക്‌നോളജി എങ്ങനെ നിർമിക്കുമെന്നതിനും ആസ്ട്രേലിയക്ക് ഞങ്ങളുടേതായ രീതിയുണ്ട്." പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

"നിങ്ങൾ ചെെനയെ ശത്രുവാക്കിമാറ്റിയാൽ ചെെന ശത്രുതന്നെ ആയിരിക്കും" എന്നാണ് ചെെനീസ് ഉദ്യോഗസ്ഥൻ ആസ്ട്രേലിയൻ മാദ്ധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കൊവിഡ് ഉത്ഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നുള്ള ആസ്ട്രേലിയയുടെ ആഹ്വാനം പരാമർശിച്ചു കൊണ്ട് ചെെനയുടെ കാര്യങ്ങളിൽ ആസ്ട്രേലിയ നിരന്തരമായി ഇടപെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചെെനീസ് വിരുദ്ധ പ്രചാരണത്തിൽ യു.എസിനൊപ്പം ആസ്ട്രേലിയയും പങ്കുചേർന്നിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മോശമാക്കി.