ലണ്ടൻ: ഫൈസർ, മൊഡേണ വാക്സിനുകൾക്കു പിന്നാലെ ഓക്സ്ഫോർഡ് വാക്സിനും വിജയകരമെന്ന റിപ്പോർട്ട് പുറത്തുവന്നു. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന ഈ വാക്സിൻ മുതിർന്നവരിലും മികച്ച രോഗപ്രതിരോധം ഉളവാക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാൻസെറ്റ് മെഡിക്കൽ ജേർണലിലൂടെയാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫോർഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുൾപ്പെടെ 560 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഡോസ് പ്രായമായവരിലും മികച്ച റിസൽട്ട് കാട്ടിയതായും ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിൻ ഡിംസബറിൽ ക്രിസ്മസിനു ശേഷം വിതരണത്തിന് സജ്ജമാകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ഡിസംബർ രണ്ടാം വാരം ലഭിക്കുമെന്ന് കണക്കാക്കുന്നതായും ഫൈസർ കമ്പനി അധികൃതർ അറിയിച്ചു. മറ്റൊരു യു.എസ് കമ്പനിയായ മൊഡേണയും വിതരണത്തിനുള്ള പ്രാരംഭ ഘട്ടത്തിലാണ്.
ലോക്ഡൗണുകൾ ഒഴിവാക്കാം
യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം ഘട്ടമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ ഒഴിവാക്കാനാവുന്നതാണെന്ന് പറഞ്ഞ് ലോകാരോഗ്യസംഘടന രംഗത്തെത്തി. യൂറോപ്യൻ രാജ്യങ്ങളിലെ 95 ശതമാനം പേരും മാസ്ക് ധരിക്കുകയാണെങ്കിൽ അത് തന്നെയാണ് മികച്ച പ്രതിരോധമെന്നും ഡബ്ളിയു.എച്ച്.ഒയുടെ യൂറോപ് റീജിയണൽ ഡയറക്ടർ ഹൻസ് ക്ളഗ് പറഞ്ഞു. അടച്ചിട്ട സ്കൂളുകൾ തുറക്കണം. എന്നാൽ, ലോക്ഡൗൺ പിൻവലിക്കുന്നത് ഘട്ടം ഘട്ടമായി വേണമെന്നും ക്ളഗ് പറയുന്നു. കൊവിഡ് പ്രതിരോധ വാക്സിനെ ഒരു സിൽവർ ബുള്ളറ്റായി കാണണ്ട. അത് വളരെ പരിമിതയമായി മാത്രം നിർമ്മിക്കപ്പെടുന്നവയാണ്. വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വളരെ കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.