ന്യൂജഴ്സി: തന്നോട് വിവേചനപരവും വംശീയപരവുമായി രീതിയിൽ പെരുമാറിയ യാത്രക്കാരനോട് അമേരിക്കൻ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും തന്നെ വിമാനത്തിൽ നിന്നും പുറത്താക്കിയെന്നും ആരോപിച്ച് മുസ്ലിം യുവതി. 'മുസ്ലിം ഗേൾ' എന്ന ബ്ലോഗിന്റെ ഉടമയും അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിച്ചയാളുമായ അമാനി അൽ ഖത്താത്ത്ബെ ആണ് ന്യൂജഴ്‌സിയിലെ വിമാനത്താവളത്തിൽ വച്ച് താൻ നേരിട്ട അപമാനം ട്വിറ്ററിലൂടെ പരസ്യമാക്കിയത്.
വിമാനത്താവളത്തിൽ സുരക്ഷാ പരിശോധയനയ്ക്കായി വരിയിൽ നിൽക്കുകയായിരുന്ന തന്നെ തള്ളിമാറ്റികൊണ്ട് ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന ഒരാൾ പെട്ടെന്ന് കയറിവരികയും അയാളുടെ ലഗേജും സാധനങ്ങളും മുൻപിലേക്ക് നീക്കി വയ്ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. തുടർന്ന് വിമാനത്തിൽ കയറിയ തന്നോട് 'ഒരു മാനേജർ' പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും അമാനി പറയുന്നു.
അമാനി വിമാനത്തിൽ ഉള്ളതുകൊണ്ട് 'ഒരു യാത്രക്കാരന് 'അസ്വസ്ഥത' അനുഭവപ്പെടുന്നതിനാലാണ് തന്നോട് വിമാനത്തിൽ നിന്നും ഇറങ്ങിപ്പോകാൻ അയാൾ ആവശ്യപ്പെട്ടതെന്നും അമാനി ചൂണ്ടിക്കാണിക്കുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ ഇക്കാര്യം അമാനിയെ അറിയിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും അയാൾ യുവതിയോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി അമാനി പങ്കുവച്ചിട്ടുണ്ട്.
ശേഷം, മറ്റ് വഴികൾ മുൻപിലില്ലാതെ വിമാനമിറങ്ങിയ അമാനിയെ അധികൃതർ അറസ്റ്റ് ചെയ്യുകയും നാല് മണിക്കൂറോളം വിമാനത്താവളത്തിൽ പിടിച്ചു വയ്ക്കുകയും ചെയ്തു. യുവതിക്കെതിരെ ഉണ്ടായ വംശീയ അതിക്രമത്തിൽ അമേരിക്കൻ എയർലൈൻസിനെതിരെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തുവന്നത്. 'ഇസ്ലാമോഫോബിയ'യുടെ ഏറ്റവും ലജ്ജാകരമായ ഉദാഹരണം എന്നാണ് സോഷ്യൽ മീഡിയ ഈ സംഭവത്തോട് പ്രതികരിക്കുന്നത്.