kunal-kumra

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ ചോദ്യവുമായി പാര്‍ലമെന്ററി പാനല്‍ കമ്മിറ്റി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ട്വിറ്ററിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് സുപ്രീംകോടതിക്കെതിരെ കുനാല്‍ കമ്ര നടത്തിയ 'കുറ്റകരമായ ട്വീറ്റുകള്‍' ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാത്തതെന്നാണ് പാര്‍ലമെന്ററി പാനല്‍ ചോദിച്ചത്. മീനാക്ഷി ലേഖിക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് വിവേക് ടാങ്കയും ഇതേ ചോദ്യം ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിഷയത്തില്‍ കുനാല്‍ കമ്രയുടെ പ്രതികരണം വിവാദമായിരുന്നു. ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി നേരിടുന്നതിനിടെ സുപ്രീംകോടതിക്കെതിരായ തന്റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്നും കുനാല്‍ കമ്ര വ്യക്തമാക്കിയിരുന്നു. 'അഭിഭാഷകരില്ല, മാപ്പില്ല, പിഴയുമില്ല,' എന്ന തലക്കെട്ടോടെ ട്വിറ്റിലൂടെയായിരുന്നു ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെയും സുപ്രീംകോടതി ജഡ്ജിമാരെയും അഭിസംബോധന ചെയ്തുള്ള കത്തും കുനാല്‍ കമ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ''എന്റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ അവരോട് ക്ഷമ ചോദിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ട്വീറ്റുകള്‍ അവക്കുവേണ്ടി സംസാരിച്ചുകൊള്ളും എന്ന് വിശ്വസിക്കുന്നു,'' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.