moratorium

ന്യൂഡൽഹി: കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് മുതൽ ആഗസ്‌റ്റുവരെയുള്ള വായ്‌പാ തിരിച്ചടവുകൾക്ക് റിസർ‌വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ബാങ്കുകൾ ഉപഭോക്താക്കൾക്ക് തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥ ക്രെഡിറ്റ് കാർഡുടമകൾക്ക് ബാധകമാക്കേണ്ടെന്ന് റിസർവ് ബാങ്ക്.

ക്രെഡിറ്റ് കാർഡുടമകൾ വായ്‌പാ ഇടപാടുകാരല്ലെന്നും അവർ വിവിധ ഉത്‌പന്നങ്ങൾ വാങ്ങിയവർ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോറട്ടോറിയം കാലത്തെ പലിശയ്ക്കുമേൽ പലിശ (കൂട്ടുപലിശ) ഈടാക്കുന്നതിനെതിരെ സമർ‌പ്പിച്ച വിവിധ ഹർജികൾ കോടതി ഇന്നലെ തള്ളുകയും ചെയ്‌തു.

രണ്ടുകോടി രൂപവരെയുള്ള വായ്‌പകൾക്ക് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ തിരിച്ചുനൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സൂക്ഷ്മ,-ചെറുകിട-ഇടത്തരം സംരംഭങ്ങൾ,​ വിദ്യാഭ്യാസം,​ ഭവനം,​ വാഹനം,​ ഉപഭോക്തൃ സാധനങ്ങൾവായ്‌പ,​ ക്രെഡിറ്റ് കാർഡ്,​ വ്യക്തിഗതം എന്നീ വായ്പകൾക്കാണ് ഇളവ് ബാധകം.

കൂട്ടുപലിശ സംബന്ധിച്ച സർക്കാർ തീരുമാനം തൃപ്‌തികരമെന്ന് ഹർജിക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ്, ഇതു സംബന്ധിച്ച ഹർജികൾ തള്ളിയത്.

വായ്‌പാ പുനഃക്രമീകരണം, കിട്ടാക്കട വിലയിരുത്തൽ എന്നിവ സംബന്ധിച്ച റിസർവ് ബാങ്കിന്റെ സർക്കുലറിൽ വ്യക്തതയില്ലെന്ന് ഊർജ കമ്പനികൾക്ക് വേണ്ടി ഹാജരായ അഡ്വ.എ.എം. സിംഗ്‌വി ചൂണ്ടിക്കാട്ടി. വായ്‌പാ റിക്കവറിക്ക് അനുമതിയില്ലെങ്കിലും ഗ്യാരന്റികളിൽ റിക്കവറി നടക്കുന്നുണ്ട്. ഒരുകൈയാൽ ആനുകൂല്യം തരുകയും മറുകൈയാൽ നിഷേധിക്കുന്നതിനും തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി വിട്ടൊഴിയും വരെ മോറട്ടോറിയം നീട്ടണമെന്ന ആവശ്യവും കോടതിയിൽ ഉയർന്നു. വായ്‌പകൾ നിലവിൽ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന കോടതി ഉത്തരവ് റദ്ദാക്കണമെന്ന് റിസർവ് ബാങ്കും ആവശ്യപ്പെട്ടു.

വിവിധ കക്ഷികൾ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ച സ്ഥിതിക്ക് ഇക്കാര്യങ്ങളിൽ കേന്ദ്രവും റിസർവ് ബാങ്കും വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി, കേസ് അടുത്തവാരം വീണ്ടും പരിഗണിക്കാമെന്നും വ്യക്തമാക്കി. ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.