prime-minister

ന്യൂഡൽഹി: ഡിജി​റ്റൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ രാജ്യം വികസനത്തിൽ കൂടുതൽ മനുഷ്യകേന്ദ്രീകൃത സമീപനത്തിന് സാക്ഷ്യം വഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള ഉപയോഗം ജനങ്ങളിൽ നിരവധി

മാ​റ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരു സാങ്കേതിക ഉച്ചകോടി (ടെക് സമ്മി​റ്റ്) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ഡിജി​റ്റൽ ഇന്ത്യയെ സാധാരണ സർക്കാർ സംരംഭമായി കാണുന്നില്ല. പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സർക്കാരിന്റെ ഭാഗമായവർക്കും അത് ജീവിതരീതിയായി മാറി. കേന്ദ്രസർക്കാർ ഡിജി​റ്റൽ സാങ്കേതിക വിദ്യയ്‌ക്കായി ഒരു വിപണി സൃഷ്ടിക്കുകയും എല്ലാ പദ്ധതികളുടെയും സുപ്രധാന ഭാഗമാക്കുകയും ചെയ്തു.

സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഡാറ്റാ വിശകലനം പ്രയോജനപ്പെടുത്തി. അതോടെ പദ്ധതികൾ ഫയലുകളുടെ തടസം മറികടന്ന് ജനങ്ങളിലേക്കെത്തി. മഹാമാരിയുടെ സമയത്തും സാങ്കേതിക മേഖലയുടെ പ്രയോജനം പ്രതിഫലിച്ചു.

മികച്ച ചിന്താശേഷിയും വലിയ വിപണിയുമുള്ള ഇന്ത്യക്ക് അറിവിന്റെ യുഗത്തിൽ സവിശേഷ സ്ഥാനമുണ്ട്. ആധുനികതയാണ് പുരോഗതിയുടെ താക്കോൽ. ബയോ സയൻസസ്, എൻജിനീയറിംഗ് തുടങ്ങിയ ശാസ്ത്രമേഖലകളിൽ കൂടുതൽ ഗവേഷണങ്ങളും മാറ്റങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ എന്നിവരും പങ്കെടുത്തു.