sasikala

ചെന്നൈ: അവിഹിത സ്വത്ത് സമ്പാദന കേസിൽ നാലുവർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന, അന്തരിച്ച ജയലളിതയുടെ തോഴി വി.കെ ശശികല ഉടൻ ജയിൽമോചിതയാകും. ഇതിനു മുന്നോടിയായി, തടവുശിക്ഷയ്ക്കൊപ്പം വിധിച്ച പിഴത്തുകയായ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സി. മുത്തുകുമാർ ബംഗളൂരു പ്രത്യേക കോടതിക്ക് കൈമാറി.

ഇതോടെ വരുന്ന ജനുവരി 27ന് ശശികലയ്ക്ക് ജയിൽ മോചിതയാകാം. എന്നാൽ, ജയിൽ ചട്ടപ്രകാരം അഞ്ച് മാസത്തെ ഇളവിന് അർഹതയുണ്ടെന്നാണ് ശശികലയുടെ അഭിഭാഷകർ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ജയിൽ അധികൃതരാണ്. ഇളവ് ലഭിക്കുകയാണെങ്കിൽ ഏതു നിമിഷവും മോചനമുണ്ടാകാം.

ആകെ 48 മാസമാണ് ശിക്ഷാ കാലാവധി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്നുറപ്പായതോടെ, അവരുടെ വരവ് അണ്ണാ ഡി.എം.കെയിലെ സമവാക്യങ്ങൾ മാറ്റുമോയെന്ന ചർച്ചകൾ സജീവം. ജയിലിൽ പോകുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു ശശികല. പിന്നീട് രാഷ്ട്രീയാന്തരീക്ഷം മാറി. ശശികലയും സഹോദരി പുത്രൻ ടി.ടി.വി ദിനകരനും പാർട്ടിക്ക് പുറത്തായി.