തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പറയുന്ന ശബ്ദരേഖയെച്ചൊല്ലി ഉയരുന്നത് ഏറെ ദുരൂഹതകൾ. ഫോൺവിളി റെക്കാഡ് ചെയ്തതുപോലെയല്ല ശബ്ദം. തൊട്ടടുത്തുനിന്ന് ആരോടോ സംസാരിക്കുമ്പോൾ റെക്കാഡ് ചെയ്തതു പോലെയാണ്. അല്ലെങ്കിൽ ആരോടോ സംസാരിച്ചപ്പോൾ മൂന്നാമതൊരാൾ രഹസ്യമായി റെക്കാഡ് ചെയ്തത്.
സംഭാഷണത്തിൽ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്താണ് പുറത്തുവിട്ടത്. അതിനാൽ കൃത്രിമത്വമുണ്ടെന്ന് ഉറപ്പിക്കാം. ജയിലിൽ വച്ച് റെക്കാഡ് ചെയ്തതല്ലെന്ന് വരുത്താൻ പുറമെ നിന്നുള്ള ശബ്ദം കൂട്ടിച്ചേർത്തെന്നും സംശയം.
കസ്റ്റംസും ഇ.ഡിയും ചോദ്യംചെയ്യുമ്പോൾ ഇംഗ്ലീഷിലാണ് സ്വപ്നയുടെ മറുപടി. ജയിൽ ജീവനക്കാരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യംചെയ്യൽ. ചോദ്യംചെയ്യാനെത്തിയ വിജിലൻസ് ഉദ്യോസ്ഥരുടെ ഫോൺ ജയിൽ കവാടത്തിൽ ശേഖരിച്ചിട്ടില്ല.
സ്വപ്ന ഇഡി, കസ്റ്റസ് എൻ.ഐ.എ കസ്റ്റഡിയിലിരിക്കെ, സുരക്ഷയൊരുക്കിയ വനിതാജീവനക്കാരുമായുള്ള സ്വകാര്യസംഭാഷണമെന്ന് ജയിൽവകുപ്പിന് സംശയം. പക്ഷേ, അന്നൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വപ്ന മൊഴി നൽകിയിരുന്നില്ല.
ആസൂത്രിതനീക്കം: ഇ.ഡി
ശബ്ദസന്ദേശത്തിൽ പറയുന്ന തീയതികളിൽ വ്യത്യാസമുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ സ്വപ്നയുടെ മൊഴിയെടുത്തതും ശിവശങ്കറിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഘത്തിന് സ്വർണക്കടത്ത് അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയത് പത്താം തീയതിയാണ്. ഈ ദിശയിലേക്കുള്ള അന്വേഷണം വഴിതെറ്റിക്കാനാണ് ശബ്ദരേഖ ആസൂത്രിതമായി പുറത്തുവിട്ടത്. ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ആഗസ്റ്റ് രണ്ടാംവാരം മുതൽ ഇഡി ചോദ്യംചെയ്യുന്നുണ്ടെന്നാണ് ജയിൽവകുപ്പിന്റെ വാദം.
ഒളിവിലും ശബ്ദരേഖ
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ 35 സെക്കൻഡ് ശബ്ദ രേഖയാണ് സ്വപ്നയുടേതായി ഇപ്പോൾ പുറത്തുവന്നതെങ്കിൽ, സ്വർണക്കടത്തിൽ പിടിക്കപ്പെടും മുൻപ് ഒളിവിലിരിക്കെ ജൂലായിലും സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ലെന്നും താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു ആ ശബ്ദരേഖയിൽ സ്വപ്ന പറഞ്ഞത്.കൊച്ചിയിൽ വച്ച് റെക്കാഡ് ചെയ്ത ശബ്ദരേഖ അവിടത്തെ ചാനലിലാണ് ആദ്യമെത്തിച്ചത്. പിന്നീട് മറ്റ് ചാനലുകൾക്കും ശബ്ദരേഖയെത്തിച്ചു. മാധ്യമവാർത്തകൾ തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചെന്നായിരുന്നു അന്നത്തെ ആരോപണം. വിവാദങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും രോഗിയായ അമ്മ, രണ്ട് മക്കൾ എന്നിവരുമായി വാടകവീട്ടിൽ കഴിയുന്ന ഒരു പാവമാണ് താനെന്നും സ്വപ്ന അന്ന് പറഞ്ഞിരുന്നു. ശബ്ദരേഖ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ എൻ.ഐ.എ ബംഗളൂരുവിൽ നിന്ന് സ്വപ്നയെയും കൂട്ടുപ്രതി സന്ദീപിനെയും പിടികൂടി.