elephant-falls-into-well

യെലഗുണ്ടൂർ: കാൽതെറ്റി കിണറ്റിൽ വീണ ഒരു ആനയെ രക്ഷിക്കാനുള്ള ശ്രമത്തിലും പ്രാർത്ഥനയിലുമാണ് ധർമപുരി ജില്ലയിൽ പഞ്ചപാലി ഗ്രാമത്തിലെ യെലഗുണ്ടൂർ ഗ്രാമം. ഭക്ഷണം തേടിയിറങ്ങിയപ്പോൾ കൃഷിയിടത്തിലെ 50 അടിയോളമുള്ള കിണറിലേക്ക് കാൽതെറ്റി വീണതാണ് പിടിയാന. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കൃഷിയിടത്തിന്റെ ഉടമയായ വെങ്കടാചലം ശബ്ദം കേട്ട് നോക്കുമ്പോഴാണ് ആന കിണറിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ വനം വകുപ്പിനെ വിവരം അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ക്രെയിൻ ഉപയോഗിച്ച് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃഗ ഡോക്ടർ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും എത്തി.

ആനയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും ഇല്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും പരിശോധനയിൽ വ്യക്തമായതായി ജില്ലാ വനംവകുപ്പ് മേധാവി രാജ് കുമാർ പറഞ്ഞു. കിണറിലെ വെള്ളം വറ്റിച്ച ശേഷം ആനയെ മയക്കി രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് പുറത്തെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

12 വയസോളം പ്രയം വരുന്ന ആനയ്ക്ക് ഭക്ഷണവും വെള്ളവും നൽകുന്നുണ്ട്. സംഭവമറിഞ്ഞ് ആനയെ രക്ഷിക്കുന്നത് കാണാനായി നൂറ് കണക്കിന് ഗ്രാമവാസികളാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്.