കാസർകോട്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുൾപ്പെടെയുള്ള സി.പി.എം സ്ഥാനാർത്ഥികൾക്ക് എതിർസ്ഥാനാർത്ഥികളില്ല. മടിക്കൈ പഞ്ചായത്തിലെ 11, 12, 13 എന്നീ വാർഡുകളിലാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.
സ്ഥാനാർത്ഥികളായ വി. രാധ(കക്കാട്ട് ), രമ പത്മനാഭൻ(അടുക്കത്ത് പറമ്പ് ), പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ എസ്. പ്രീത(ചാളക്കടവ്) എന്നിവരെയാണ് തിരഞ്ഞെടുക്കപ്പെടുക. ഇതേ വാർഡുകളിൽ ബി.ജെ.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെങ്കിലും പിന്താങ്ങാൻ ആളില്ലാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥികളെ പിന്താങ്ങിയവരെ മുൻപുതന്നെ സി.പി.എം പ്രവർത്തകർ വീട് കയറി ഭീഷണിപ്പെടുത്തിയതായത് കൊണ്ടാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഇതിൽ 11, 12 വാർഡുകളിൽ ഒപ്പിട്ടുവെങ്കിലും ഭീഷണിയെ തുടർന്ന് ഒപ്പിട്ടവർ പിൻമാറുകയായിരുന്നു.
കയ്യൂർ - ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ.ഡി. എഫ് സ്ഥാനാർത്ഥിക്ക് എതിരില്ല. 2015 ലെ തെരെഞ്ഞെടുപ്പിൽ 15 വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. ഈ വാർഡുകളിൽ ബി.ജെ.പിക്ക് 70 മുതൽ 100 വോട്ട് വരെ ലഭിച്ചിരുന്നു. അതേസമയം, കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾക്ക് എതിരില്ല.
സി.പി.എം എതിരില്ലാതെ ഭരിക്കുന്ന ആന്തൂർ നഗരസഭയിലും ആറ് വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾക്ക് എതിരാളികളാരുമില്ല. കണ്ണൂർ കാങ്കോട് ആലപ്പടമ്പ പഞ്ചായത്തിലെ 9,11 വാർഡുകളിലും സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കോട്ടയം മലബാർ പഞ്ചായത്തിൽ മൂന്നാം വാർഡിലും സി.പി.എം സ്ഥാനാർത്ഥിക്ക് എതിരില്ല.