ആരെയും അതിശയിപ്പിക്കുന്ന ഒരു പരീക്ഷണം ശാസ്ത്രലോകം നടത്തിയിരിക്കുന്നു. മനുഷ്യന്റെ ജീൻ ഉപയോഗിച്ച് കുരങ്ങന്റെ മസ്തിഷ്കത്തെ വികസിപ്പിച്ചിരിക്കുന്നു.! ഏകദേശം സയൻസ് ഫിക്ഷൻ സിനിമകളിലൊക്കെ കാണുന്നത് പോലെയാണിത്. ഒരു കൂട്ടം ഗവേഷകർ ചേർന്ന് മനുഷ്യന്റെ ജീനുകൾ കുരങ്ങന്റെ ഒരു ഭ്രൂണത്തിലേക്ക് സംയോജിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഇത് വഴി സാധാരണ കുരങ്ങുകളിൽ നിന്നും വ്യത്യസ്ഥമായി വളരെ വിപുലവുമായും വലുതുമായ തലച്ചോറോട് കൂടിയ കുരങ്ങനെ വികസിപ്പിക്കാനാണ് ഗവേഷകർ ലക്ഷ്യമിട്ടത്.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മോളിക്യുലാർ ബയോളജി ആന്റ് ജെനറ്റിക്സ്, ജപ്പാനിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്പിരിമെന്റൽ ആനിമൽസ് എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. കോമൺ മാർമസെറ്റ് ഇനത്തിൽപ്പെട്ട കുരങ്ങിന്റെ ഭ്രൂണത്തിലേക്കാണ് മനുഷ്യന്റെ ARHGAP11B ജീനിന്റെ പകർപ്പുകൾ സംയോജിപ്പിച്ചത്.
പരീക്ഷണത്തിലൂടെ ഭാഷ, പഠനം എന്നിവയുമായി ബന്ധപ്പെട്ട കുരങ്ങന്റെ തലച്ചോറിന്റെ ഭാഗമായ ' നിയോകോർട്ടെസ്' ( Neocortex) ഭാഗം ഗണ്യമായി വലുതായെന്ന് ശാസ്ത്രജ്ഞർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബുദ്ധിവികാസത്തിലെ ഒരു പ്രധാന ഘടകമാണ് ARHGAP11B ജീൻ എന്ന കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് കുരങ്ങിൽ നടന്ന പരീക്ഷണമെന്ന് ഗവേഷകർ പറയുന്നു.
ശാസ്ത്ര മാസികയായ ' സയൻസി'ലൂടെയാണ് ഗവേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ആൾകുരങ്ങുകളുടെയും മനുഷ്യന്റെയും പൊതുപൂർവിക ജീവി, യുക്തിസഹമായ കഴിവുകൾ വികസിപ്പിച്ചെടുത്തത് എങ്ങനെയെന്ന ചോദ്യത്തിലേക്ക് തങ്ങളുടെ ഗവേഷണങ്ങൾക്ക് വെളിച്ചം വീശാൻ കഴിയുമെന്നും ഇന്ന് ബഹിരാകാശ ശാസ്ത്രത്തിലും മറ്റും മുന്നേറുന്ന മനുഷ്യന്റെ ബുദ്ധിയുടെ വികാസത്തെ പറ്റി ആഴത്തിൽ മനസിലാക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
കോമൺ മാർമസെറ്റിന്റെ മസ്തിഷ്കം വലുതായെന്നും മസ്തിഷ്കോപരിതലത്തിൽ മടക്കുകൾ രൂപപ്പെട്ടെന്നും സാധാരണഗതിയിൽ നിന്നും വ്യത്യസ്തമായി കോർട്ടിക്കൽ പ്ലേറ്റിന് കട്ടി കൂടിയെന്നുമുള്ള കണ്ടെത്തൽ റിപ്പോർട്ടിൽ പറയുന്നു.
2011ൽ പുറത്തിറങ്ങിയ ' റൈസ് ഒഫ് ദ പ്ലാനെറ്റ് ഒഫ് ദ ഏപ്സ് ' എന്ന ചിത്രത്തെ സ്മരിപ്പിക്കുന്നതാണ് ഈ പുതിയ പരീക്ഷണം. മറവിരോഗം ബാധിച്ച മനുഷ്യന്റെ മസ്തിഷ്കത്തിന്റെ പുനഃരുജ്ജീവനം ലക്ഷ്യമിട്ട് കുരങ്ങുകളിൽ നടത്തുന്ന പരീക്ഷണം വിപരീത ഫലത്തിൽ കലാശിക്കുന്നതാണ് ചിത്രം. ബുദ്ധി സാമർത്ഥ്യം കൂടിയ കുരങ്ങുകൾ മനുഷ്യന് മേൽ ആഥിപത്യം സ്ഥാപിക്കാനൊരുങ്ങുന്നതാണ് കഥാതന്തു.
എന്നാൽ ഇപ്പോൾ നടന്ന ഗവേഷണം ഇങ്ങനെ കലാശിക്കുമോ എന്ന ഭയം വേണ്ട. കാരണം ഈ പരീക്ഷണത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് ഗവേഷകരുടെ മനസിലുമുണർന്നിരുന്നു. മനുഷ്യന്റെ ജീനോട് കൂടി ജനിക്കുന്ന കുരങ്ങ് നാളെ മനുഷ്യന് തന്നെയോ അല്ലെങ്കിൽ ഗവേഷണം അതിന്റെ ജീവനെയെ പ്രതികൂലമായി ബാധിച്ചാലോ. ഇക്കാരണങ്ങൾ മുൻനിറുത്തി ജീൻ സംയോജിപ്പിച്ച ഭ്രൂണത്തെ 100 ദിവസം വളർച്ചയുള്ളപ്പോൾ തന്നെ സിസേറിയനിലൂടെ ഗവേഷകർ പുറത്തെടുക്കുകയും ചെയ്തു.