covid

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും, മരണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെയാണ് സമീപ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നത്. എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലെറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഹരിയാന സന്ദർശിക്കുന്നത്. നീതി ആയോഗ് അംഗം ഡോ. വി.കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനും, എൻ. സി.ഡി.സി ഡയറക്ടർ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും സന്ദർശിക്കും. മണിപ്പൂരിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ്,അഡീഷണൽ ഡി.ഡി.ജി, ഡോ.എൽ. സ്വസ്തി ചരണിന്റെ നേതൃത്വത്തിലുള്ള സംഘമെത്തും.

കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ സംഘം സന്ദർശനം നടത്തും.