death

ലക്‌നൗ: 22 വയസുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പീഡിപ്പിച്ചയാളുടെ മൃതദേഹം കടുവാസങ്കേതത്തിന് അടുത്തുനിന്നും കണ്ടെടുത്തു. ഉത്തർപ്രദേശിലെ പിലിഭട്ട് കടുവാ സങ്കേതത്തിനടുത്തു നിന്നുമാണ് പ്രതിയായ അനൂജ് കശ്യപിന്റെ തല വെട്ടിമാറ്റിയ, പൂർണമായും അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തത്.

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ പോയ അനൂജിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തവേയാണ് മൃതദേഹം കണ്ടെടുക്കുന്നത്. സെപ്തംബര്‍ ആറിനാണ് ഇയാൾക്കെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്നലെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികളാണ് അനൂജിന്റെ ജഡം ആദ്യം കണ്ടത്.

യുവതിയുടെ കുടുംബമാണ് അനൂജിനെ കൊലപ്പെടുത്തിയതെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചും തങ്ങൾ പരിശോധിക്കുമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയെന്നും ഉത്തർപ്രദേശ് പൊലീസും പ്രതികരിച്ചിട്ടുണ്ട്.