bank-robbery

ഭുവനേശ്വർ: ഒഡീഷയിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയിൽ നിന്നും 12 കോടിരൂപയുടെ പണവും സ്വർണവും നാലംഗ സംഘം കൊള്ളയടിച്ചു. ഐ.ഐ.എഫ്.എൽ ഫിനാൻസിന്റെ കട്ടക്ക് ശാഖയിലെ ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം.

മോഷണ സംഘം ജീവനക്കാരെ മുഴുവൻ തോക്കു ചൂണ്ടി ബാത്ത് റൂമിലിട്ട് പൂട്ടിയതിന് ശേഷം ലോക്കറിന്റെ താക്കോൽ കെെക്കലാക്കുകയായിരുന്നു.തുടർന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ 30 ലക്ഷം രൂപയും 11 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും കൊള്ളയടിച്ച് സംഘം സ്ഥലം വിട്ടു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ മാത്രമെ ഏത്ര രൂപയുടെ സ്വർണം നഷ്ടപ്പെട്ടുവെന്നതിന് കൃത്യമായ കണക്ക് ലഭ്യമാവുകയുള്ളുവെന്നും ഐ.ഐ.എഫ്.എൽ മാനേജർ പറഞ്ഞു.

മോഷണം നടന്നതിന് തൊട്ട് പിന്നാലെ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരന്നു. കുറ്റവാളികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികെയാണെന്നും പൊലീസ് പറഞ്ഞു.