swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിൽ ആശയക്കുഴപ്പം.ശബ്ദരേഖ തന്റേതാണെന്ന് നേരത്തെ സ്വപ്ന സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശബ്ദരേഖയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിൽ നിന്ന് ഇന്ന് നിയമോപദേശം ലഭിക്കും.ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ. ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം വേണമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു.


മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നുവെന്നായിരുന്നു ശബ്ദ സന്ദേശം.സ്വർണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

എഡിറ്റ് ചെയ്തതെന്നു കരുതപ്പെടുന്ന സ്വപ്നയുടെ ശബ്ദസന്ദേശം ബുധനാഴ്ച രാത്രിയാണ് സ്വകാര്യ വാർത്താ പോർട്ടൽ പുറത്തുവിട്ടത്.ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തിൽ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ, സന്ദേശം റെക്കാർഡ് ചെയ്തത് എന്നാണെന്നോ, ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി.