hc

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. നവംബർ 16ന് കേസിൽ വാദം പൂർത്തിയാക്കിയിരുന്നു. സർക്കാരും ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

പ്രതിഭാഗം നടിയെ വ്യക്തിഹത്യ ചെയ്തിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.അതോടൊപ്പം വിസ്താരത്തിനിടെയുണ്ടായ മാനസികമായ തേജോവധത്തെത്തുടർന്ന് താൻ പലവട്ടം കോടതിമുറിയിൽ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് നടിയും കോടതിയെ ആറിയിച്ചിരുന്നു.

കേസിന്റെ വിസ്താരം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നതെന്നാണ് പ്രധാന ആരോപണം. അനാവശ്യ ചോദ്യങ്ങളാണ് ജഡ്ജി പലപ്പോഴും ചോദിച്ചതെന്നും നടി ആരോപിച്ചിരുന്നു.

അതേസമയം മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇന്നലെ അഞ്ച് മണിക്കൂറോളം ബേക്കൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ പൊലീസ് കോടതിയെ അറിയിക്കും.