കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാനുളള മെഡിക്കൽ ബോർഡിന്റെ വിശദാംശങ്ങളിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പറയും. ബോർഡിൽ ഉൾപ്പെടുത്തേണ്ട ഡോക്‌ടർമാരുടേയും പരിശോധന വിഷയങ്ങളുടെയും വിശദാംശങ്ങൾ ഇന്ന് സമർപ്പിക്കാൻ കോടതി വിജിലൻസിന് നിർദേശം നൽകിയിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് കോടതി നൽകിയിരിക്കുന്ന നിർദേശം.
ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുളള ഡോക്‌ടർമാർ സംഘത്തിലുണ്ടാകും. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ അപേക്ഷയിൽ കോടതി തീരുമാനം.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലുളള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ മുറിയ്‌ക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.