പ്രതാപ്ഗഡ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ് കുട്ടികളടക്കം പതിനാല് പേർ മരിച്ചു.ദേശരാജ് ഇനാറ ഗ്രാമത്തിന് സമീപമുള്ള പ്രയാഗ്രാജ്-ലഖ്നൗ ഹൈവേയിൽ ഇന്നലെ രാത്രി 11.45 ഓടെ അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച മഹീന്ദ്ര ബൊലേറയിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ പകുതി ട്രക്കിനടിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഞ്ച് മൃതദേഹങ്ങൾ അപകടം നടന്നയുടൻ കണ്ടെടുത്തു.ട്രക്കിന്റെ അടിയിൽ നിന്ന് കാർ എടുത്തശേഷമാണ് ബാക്കിയുള്ള മൃതദേഹങ്ങൾ പുറത്തെടുത്തത്.
അപകടത്തിൽ മരിച്ച കുട്ടികൾ എല്ലാവരും 7 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.