കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിലേക്ക്. കഴിഞ്ഞദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതിനെ ചോദ്യം ചെയ്‌താണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ ഉന്നയിച്ചരിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നത്.
ആരോപണങ്ങൾ സ്ഥാപിക്കുന്നതിനുളള തെളിവുകൾ എൻഫോഴ്‌സ്‌മെന്റിന്റെ പക്കലില്ലന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. കേസ് ഇപ്പോൾ പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയത്. ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്. ഈ ഘട്ടത്തിൽ ശിവശങ്കറിന് ജാമ്യം നൽകുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.