oommen-chandy

ന്യൂഡൽഹി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകും എന്നുളള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ അതോ അപ്രതീക്ഷിതമായി ഒരാളോ എന്ന ചർച്ചകൾക്കിടെയാണ് പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവർ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് താരിഖ് അൻവറിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരുമാണ്. രണ്ട് പേരും പാർട്ടിക്കായി ജോലി ചെയ്യട്ടേയെന്നും, തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് തീരുമാനമെടുക്കാമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായുളള സഹകരണത്തിൽ ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് താരിഖ് അൻവർ പറയുന്നത്. യു ഡി എഫിന് പുറത്തുളള കക്ഷിയുമായുളള സഹകരണമെന്നത് പൊതു തീരുമാനമല്ലെന്നും നീക്ക് പോക്കിനെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കേണ്ടത്. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകൾ ലംഘിക്കരുതെന്നും താരിഖ് അൻവർ മുന്നറിയിപ്പ് നൽകി.