ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ നോട്ടീസ് കിട്ടിയതിനെ തുടർന്നാണ് ഇയാൾ ഇഡിയ്ക്ക് മുന്നിൽ എത്തിയത്.
ഇന്ന് രാവിലെയാണ് ബംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് ലത്തീഫ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇയാൾക്കെതിരെ ഇതിനോടകം ഇഡി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നവംബർ രണ്ടിന് ഹാജരാകാനായിരുന്നു ഇഡി അറിയിച്ചിരുന്നത്. എന്നാൽ നോട്ടീസ് കിട്ടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ലത്തീഫിനെ കൂടാതെ ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന ഡ്രൈവർ അനികുട്ടൻ, എസ്.അരുൺ എന്നിവരോടും ഹാജരാകാൻ ഇഡി നിർദേശം നൽകിയിരുന്നു. ഇവരും ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.