കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയതിന് കൃത്യമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ. ബേക്കൽ സിഐ യുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിക്ക് റിപ്പോർട്ട് കൈമാറും. പ്രദീപ് കുമാർ, നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയായ വിനീത് കുമാറിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഇയാൾ കാസർഗോഡ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ഭീഷണിപ്പെടുത്തിയതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രദീപ് കുമാറിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്‌റ്റഡിയിൽ വേണമെന്നും അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ഇന്നലെ അഞ്ച് മണിക്കൂറോളമാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ‌്തത്. കൊല്ലത്ത് നിന്ന് കാസർഗോഡ് വന്നത് വാച്ച് വാങ്ങാനായിരുന്നു എന്നാണ് പ്രദീപ് കുമാർ പൊലീസിനോട് പറഞ്ഞത്.