ന്യൂഡൽഹി: ആൺസുഹൃത്തിന് മെസേജ് അയച്ചതിൽ പ്രകോപിതനായ പതിനേഴുകാരൻ അനുജത്തിയുടെ വയറ്റിൽ വെടിവച്ചു.ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) വേദ് പ്രകാശ് സൂര്യ പറഞ്ഞു.
പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. നാല് മാസം മുമ്പ് മരിച്ച ഒരു സുഹൃത്തിൽ നിന്നാണ് തനിക്ക് തോക്ക് കിട്ടിയതെന്ന് കൗമാരക്കാരൻ പൊലീസിനോട് പറഞ്ഞു.
സഹോദരി ആൺ സുഹൃത്തിന് മെസേജ് അയക്കുന്നത് ശ്രദ്ധയിൽപ്പെട്ട പതിനേഴുകാരൻ പലതവണ ഇത് വിലക്കിയിരുന്നു. പെൺകുട്ടി ഇത് ആവർത്തിച്ചതോടെ ഇരുവരും തമ്മിൽ അതിന്റെ പേരിൽ വഴക്കിട്ടു. ഒടുവിൽ പ്രതി തോക്കു കൊണ്ടുവന്ന് സഹോദരിയുടെ വയറ്റിൽ വെടിയുതിർക്കുകയായിരുന്നു. കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.