pradeep-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായിരുന്ന സമയത്ത് നടൻ ദിലീപിനെ കാണാൻ രണ്ട് തവണ ജയിലിൽ പോയിട്ടുണ്ടെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ. ഒരു തവണ ഗണേഷ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാർ മൊഴി നൽകിയിരിക്കുന്നത്. കൂടാതെ ദിലീപിന്റെ ഡ്രൈവർ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാറിന്റെ മൊഴിയിലുണ്ട്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കേസിലെ മാപ്പു സാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിൽ പ്രദീപിനെ അഞ്ച് മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നൽകിയിരുന്നത്. കൂടുതൽ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാൻ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്നാണ് വിധി പറയുന്നത്.

ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻലാലിനെ കാണാൻ പ്രദീപ് കുമാർ ബേക്കലിലെത്തിയെന്നാണ് റിപ്പോർട്ട്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാൻ പറ്റാത്തതിനെ തുടർന്ന് വിപിന്റെ അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് കേസ്.