imran-khan

പാരീസ്: പാകിസ്ഥാനുമായി നടത്തുന്ന പ്രതിരോധ സഹായ സഹകരണങ്ങൾ നിർത്തി വയ്‌ക്കാൻ ആലോചിച്ച് ഫ്രാൻസ്. പാരീസിൽ സ്‌കൂൾ അദ്ധ്യാപകനെ പാക് വംശജനായ യുവാവ് കൊലപ്പെടുത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വളരെ മോശമായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഇമ്രാൻഖാൻ പരിഹസിക്കുന്നത് വരെയെത്തി കാര്യങ്ങൾ. ഫ്രഞ്ച് വാരികയായ ചാർലി ഹെബ്‌ഡോയിൽ പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് മുതലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോൾ പാകിസ്ഥാന്റെ അവസ്ഥ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ പ്രധാന ആയുധമായ മിറാഷ് യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും അഗൊസ്‌റ്റ 90 ബി ക്ളാസ് അന്തർവാഹിനികളും നവീകരണം നടത്തി നൽകേണ്ടെന്ന് ഫ്രാൻസ് തീരുമാനിച്ചു. മാത്രമല്ല ഫ്രാൻസ് റഫാൽ യുദ്ധവിമാനങ്ങൾ നൽകിയിട്ടുള‌ള രാജ്യങ്ങളിലൊന്നായ ഖത്തറിനോട് അവയുടെ ഒരുതരത്തിലുള‌ള പ്രവർത്തനങ്ങളിലും പാകിസ്ഥാനിൽ ജനിച്ചവരെ ഉൾപ്പെടുത്തരുതെന്നും ഫ്രഞ്ച് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. റാഫേലിന്റെ രഹസ്യങ്ങൾ പാകിസ്ഥാൻ ചൈനയ്‌ക്ക് ഒ‌റ്റുകൊടുക്കും എന്നതിനാലാണിതെന്ന് ഫ്രാൻസ് അറിയിച്ചു. മുൻപും ഇത്തരം പ്രവർത്തികൾ പാകിസ്ഥാൻ ചെയ്‌തിട്ടുള‌ളതിനാലാണിത്.

നിലവിൽ പാകിസ്ഥാൻ ഫ്രഞ്ച് സർക്കാരിന് നൽകുന്ന പ്രതിരോധ നവീകരണ അപേക്ഷകൾ സമഗ്രമായ പരിശോധനകൾക്ക് ശേഷമേ അനുവദിക്കുന്നുള‌ളു.

ഫ്രാൻസിൽ അക്രമം അഴിച്ചുവിട്ട യുവാവിന്റെ പിതാവിനോട് സംഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ വളരെ സന്തോഷമായെന്നും മകൻ വലിയൊരു കാര്യമാണ് ചെയ്‌തതെന്നും പ്രതികരിച്ചിരുന്നു. ഇതും ഫ്രാൻസിനെ വല്ലാതെ പ്രകോപിപ്പിച്ചു.

ഒക്‌ടോബർ 29ന് ഫ്രാൻസ് സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ളയോട് ഫ്രഞ്ച് സർക്കാർ പാകിസ്ഥാനോടുള‌ള നിലപാട് അറിയിച്ചിരുന്നു. മിറാഷ് 3, മിറാഷ് 5 വിമാനങ്ങൾ നവീകരിക്കേണ്ട എന്ന തീരുമാനം പാകിസ്ഥാൻ വ്യോമസേനയെ വല്ലാതെ ബാധിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾ പ്രധാന ലോകരാജ്യങ്ങളൊന്നും വാങ്ങാത്ത മിറാഷ് വിമാനങ്ങൾ പാകിസ്ഥാൻ പതി‌റ്റാണ്ടുകളായി ഫ്രാൻസിൽ നിന്നും വാങ്ങാറുണ്ട്. 150 ഓളം മിറാഷ് വിമാനങ്ങൾ പാകിസ്ഥാനുണ്ടെങ്കിലും അവയിൽ പകുതി എണ്ണം മാത്രമേ ഉപയോഗക്ഷമമായുള‌ളു.ഫ്രാൻസിലെ പാകിസ്ഥാന്റെ സ്ഥാനപതിയെ മടക്കിവിളിക്കാൻ പാകിസ്ഥാൻ ഭരണസഭ തീരുമാനിച്ചു. പാകിസ്ഥാനിലെ തെരുവുകളിൽ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ വൻ ബഹുജന പ്രക്ഷോഭങ്ങളും നടന്നതും ഫ്രാൻസിനെ പ്രകോപിപ്പിച്ചു. തുടർന്നാണ് പാകിസ്ഥാനുള‌ള പ്രതിരോധ സഹായങ്ങൾ ഫ്രാൻസ് നിർത്തിയത്.വിവിധ ലോകരാജ്യങ്ങൾക്ക് തങ്ങളോടുള‌ള ബന്ധം വഷളാകുന്നതും ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുന്നതും പാകിസ്ഥാനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.

മുൻപ് അന്തർവാഹിനികളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജർമ്മനിയും പാകിസ്ഥാനെ കൈവെടിഞ്ഞിരുന്നു. 2017ലെ കാബൂളിലെ ജർമ്മൻ എംബസിക്ക് മുന്നിലുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ജർമ്മനിയുടെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കാത്തതിനെ തുടർന്നാണിത്.