mulapalli-ramachandran

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. സ്വപ്‌ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ യഥാർത്ഥമാണോയെന്ന് അറിയണം. ജുഡീഷ്യൽ കസ്റ്റഡിയിലുളള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണോ ശബ്‌ദരേഖ എടുത്തതെന്നും അറിയണം. എങ്കിൽ ഗുരുതര സുരക്ഷാവീഴ്‌ചയാണ് അതെന്നും മുല്ലപ്പളളി പറഞ്ഞു.

ശബ്‌ദരേഖയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് നേരെയാണ് ചോദ്യങ്ങൾ ഉയരുന്നത്.അന്വേഷണ ഏജൻസികളെ അസ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമം. ശബ്‌ദരേഖ പുറത്തു വന്നപ്പോൾ തന്നെ യെച്ചൂരി പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ പാതയിൽ യെച്ചൂരി പോവുകയാണെന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് മദ്യാലയമായി മാറി. എല്ലാ അനഭിലഷണീയ പ്രവണതകളുടേയും പ്രഭവകേന്ദ്രമാണ് സെക്രട്ടേറിയേറ്റെന്നും മുല്ലപ്പളളി വിമർശിച്ചു. കണ്ണൂരിൽ പതിനഞ്ചിടത്ത് കോൺഗ്രസിന് സ്ഥാനാർത്ഥികളെ നിർത്താനോ പത്രിക നൽകാനോ കഴിഞ്ഞില്ല. വെൽഫയർ പാർട്ടിയുമായി യു ഡി എഫിന് സഖ്യമില്ല. യു ഡി എഫിലെ ഘടകകക്ഷികളുമായി മാത്രമാണ് സഖ്യം. അതാണ് താരിഖ് അൻവർ പറഞ്ഞതെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.