തിരുവനന്തപുരം: മാസങ്ങളുടെ ഇടവേളകളിൽ നടക്കാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ കൊവിഡിന്റെ വ്യാപനത്തിന് കാരണമാകുമെന്ന ഭയവും ആശങ്കയും നിലനിൽക്കുന്നതിനിടെ 'ഇലക്ഷൻ ക്ളസ്റ്റർ' വഴിയുള്ള രോഗവ്യാപനം ചെറുക്കാനുള്ള നടപടികളെ കുറിച്ച് സർക്കാരും ആരോഗ്യവകുപ്പും ആലോചന തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ഓണം ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ച മലയാളികൾക്ക് വലിയ വിലയാണ് നൽകേണ്ടി വന്നത്. സമാന സ്ഥിതിവിശേഷം ആവർത്തിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
വെല്ലുവിളി
നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ് ആരോഗ്യവകുപ്പിന് കടുത്ത ഭീഷണി ഉയർത്തുന്നത്. കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അമരുന്നതോടെ കൊവിഡ് പ്രതിരോധം പാളുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിർദ്ദേശമുണ്ടെങ്കിലും ഇപ്പോൾ തന്നെ അവയെല്ലാം സ്ഥാനാർത്ഥികളും പ്രവർത്തകരും മറന്ന മട്ടാണ്. ഇത് ജാഗ്രതക്കുറവിനും കൊവിഡിന്റെ വൻ വ്യാപനത്തിനും വഴിയൊരുക്കുമെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
'ഇലക്ഷൻ ക്ളസ്റ്റർ'
തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ നിയന്ത്രണങ്ങൾ എത്ര കർശനമാക്കിയാലും അതെല്ലാം വരും ദിവസങ്ങളിൽ ലംഘിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്. കൊവിഡിന്റെ ഇനിയൊരു തീവ്ര വ്യാപനം (സൂപ്പർ സ്‌പ്രെഡ്) കൂടി സംസ്ഥാനത്തിന് താങ്ങാനാകില്ലെന്നതാണ് വസ്തുത. മാത്രമല്ല, മറ്റ് ക്ളസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള രോഗബാധയും ആശങ്കയായി നിലനിൽക്കുന്നു. ഇപ്പോൾ തന്നെ ജനങ്ങൾ മാദണ്ഡങ്ങൾ മറന്നാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാരിന്റെ കൊവിഡ് പ്രതിരോധ വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആദ്യമൊക്കെ സ്വയം നിയന്ത്രണം പാലിച്ച ജനം, പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായതോടെ മാസ്കും സാമൂഹിക അകലവുമൊക്കെ മറന്ന മട്ടാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
ഡിസംബറിൽ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 6.60 ലക്ഷം വരെ ആകാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള സംഘടനകളുടെ സംയുക്ത പഠനസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ രോഗികളുടെ എണ്ണം 5.50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതിനാൽ തന്നെ രോഗവ്യാപനം ചെറുക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികൾ ആലോചിച്ചു വരികയാണ്. വരും ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും. നിലവിൽ കേരളത്തിലെ ടെസ്റ്റ് പോസിറ്രിവിറ്റി റേറ്റ് (ടി.പി.ആർ) 10 ആണ്. അത് അഞ്ചിൽ താഴെ എത്തുമ്പോഴാണ് കൊവിഡ് നിയന്ത്രണവിധേയമാണെന്ന് പറയാനാകുക.