വലിമൈ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അജിത്തിന് വീണ്ടും പരിക്ക്. ബൈക്ക് റേസ് രംഗങ്ങൾ ചിത്രീകരിക്കുന്നതിടെ ഹൈദരബാദിലെ ലൊക്കേഷനിലായിരുന്നു അപകടം. താരത്തിന് വിശ്രമം ആവശ്യമായതിനാൽ തുടർ ചിത്രീകരണം എപ്പോൾ എന്നു തീരുമാനിച്ചില്ല.അപകടത്തിനുശേഷം അൽപനേരം ചിത്രീകരണം നിറുത്തിവച്ചെങ്കിലും ഷെഡ്യൂൾ പൂർത്തിയാക്കിയശേഷമാണ് അജിത്ത് ലൊക്കേഷനിൽനിന്ന് മടങ്ങിയത്. നേരത്തേയും താരത്തിനു ബൈക്ക് റേസ് രംഗം ചിത്രീകരിക്കുമ്പോൾ പരിക്കേറ്റിരുന്നു.എന്നാൽ ഇത്തവണ പരിക്കുകൾ ഭേദമാകാൻ വിശ്രമം ആവശ്യമെന്നാണ് ഡോക്ടർമാരുടെ നിർദേശം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ കഴിഞ്ഞ ജനുവരിയിലാണ് ചിത്രീകരണം ആരംഭിച്ചത്. നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച്. വിനോദും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂർ ആണ്.