ദിവാകരൻ നായർ വളരെക്കാലം വിദേശത്തായിരുന്നു. കഷ്ടപ്പാടുകളുടെ ബാലപാഠങ്ങളും ഗൃഹപാഠങ്ങളും ശരിക്കും പഠിച്ചിട്ടുള്ളതിനാൽ പണം ധൂർത്തടിക്കില്ല. എന്നാൽ പിശുക്കനുമല്ല. വായുവും ജലവും ആവശ്യത്തിനല്ലേ ഉപയോഗിക്കാൻ പറ്റൂ. കാറ്റുള്ള സ്ഥലത്താണെന്ന് കരുതി കൂടുതൽ ശ്വസിക്കാൻ പറ്റുമോ? വെള്ളം ധാരാളമുണ്ടെന്ന് കരുതി ദാഹിക്കാതെ ആവശ്യത്തിലധികം കുടിച്ചാൽ എന്തായിരിക്കും സ്ഥിതി? പണവും അതുപോലെയാണെന്ന് ദിവാകരൻ നായർ സുഹൃത്തുക്കളോട് പറയാറുണ്ട്.
ആവശ്യത്തിന് പണമായി. മക്കൾക്കായി ഒന്നുരണ്ടുവീടുകളും കുറച്ച് ബാങ്ക് നിക്ഷേപവും. അതിനുശേഷമാണ് കാടിനോട് ചേർന്ന് ഒരു കുഗ്രാമത്തിൽ കുറേ സ്ഥലം വാങ്ങിയത്. ഒരു ഡയറിഫാം. അതിനെ ആശ്രയിച്ച് പരിസരത്തുള്ള രണ്ട് മൂന്നു കുടുംബങ്ങൾ. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ബസിൽ കയറി ദിവാകരൻ നായർ ഫാമിലെത്തും. പകൽസമയത്ത് പശുക്കളോടും ആടുകളോടുമൊപ്പം ചെലവഴിക്കും. കുടുംബഭാരവും മനോദുഃഖങ്ങളുമെല്ലാം ഇറക്കിവയ്ക്കും. സന്ധ്യയ്ക്കുള്ള ബസിൽ മടക്കയാത്ര. പ്രസന്നവദനനായി വീട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് നീരസമായിരിക്കും. അത്രയ്ക്ക് ജന്തുസ്നേഹമാണെങ്കിൽ ഒന്നോരണ്ടോ പശുക്കളെ വീട്ടിൽ വളർത്തിക്കൂടേ? വീട്ടുകാരുടെ ചോദ്യങ്ങളെ പുഞ്ചിരികൊണ്ട് ദിവാകരൻ നായർ നേരിടും.
ഒരു കുഗ്രാമം. തൊട്ടടുത്ത് കാടാണ്. കാട്ടാനയിറങ്ങുന്നസ്ഥലം. എന്തിനിത്ര റിസ്കെടുക്കുന്നു. അച്ഛനെന്തെങ്കിലും പറ്റിയാൽ ആളുകൾ ഭാര്യയേയും മക്കളെയുമായിരിക്കും കുറ്റപ്പെടുത്തുക. മാത്രമല്ല അച്ഛന്റെ കാലം കഴിഞ്ഞാൽ ഇത് ചുറ്റുമുള്ളവർ കൈയടക്കും. കേസിനും വഴക്കിനുമൊന്നും പോകാൻ ഞങ്ങൾക്ക് വയ്യ. മക്കൾ പരിഭവങ്ങളും പരാതികളും നിരത്തി. അവർ പറയുന്നതും ശരിയാണ്. ഇവിടെ നഗരത്തിൽ എത്രയോ ക്ലബുകളിൽ മെമ്പർഷിപ്പുണ്ട്. എത്ര വി.ഐ.പികളുമായി ബന്ധമുണ്ട്. അവർക്കൊപ്പം പോയി വല്ല കാരംസോ, ചീട്ടോ കളിച്ച് താത്പര്യമുണ്ടെങ്കിൽ രണ്ടെണ്ണം വീശിയേച്ച് പോന്നാൽ പോരേ? ഭാര്യയും മക്കളുടെ പക്ഷം ചേർന്നപ്പോൾ ദിവാകരൻ നായർ ഒറ്റപ്പെട്ടു. അടുത്തയാഴ്ച ഫാമിലേക്ക് പോകുന്നതിന്റെ തലേദിവസം ദിവാകരൻ നായർ കുടുംബാംഗങ്ങളോട് പറഞ്ഞു. നാളെ ഞാൻ ഫാമിൽ പോകുന്നു. താത്പര്യമുള്ളവർക്ക് കൂടെവരാം. എന്താണ് കുഗ്രാമത്തിലെ ഇത്ര ആകർഷണമെന്ന് അറിയണമല്ലോ. അങ്ങനെ എല്ലാവരും അയാളോടൊപ്പം അവിടെയെത്തി.
ഫാം ചുറ്റിനടന്ന് കണ്ടശേഷം ഭാര്യ പറഞ്ഞു: ആ പശുക്കളുടെയും ആടുകളുടെയും സ്നേഹം ഒന്നുവേറെ തന്നെ. പേരക്കുട്ടികളും പറഞ്ഞു: അപ്പൂപ്പനോട് അവയ്ക്ക് എന്തിഷ്ടമാ. കിട്ടിയ അവസരം ദിവാകരൻ നായരും പാഴാക്കിയില്ല. ഒത്തിരി മനുഷ്യരുമായി ഇടപഴകുമ്പോൾ കുറേപ്പേരെ നാം വെറുക്കും. കുറേപ്പേർ നമ്മെയും വെറുക്കും. ഈ മിണ്ടാപ്രാണികൾക്ക് അസൂയയില്ല. കുശുമ്പില്ല. പരദൂഷണമില്ല. പണവും പദവും വേഷവും ഭൂഷയുമൊന്നും ഇവയ്ക്ക് പ്രശ്നമില്ല. ഒന്നുരണ്ട് പശുക്കുട്ടികൾ പേരക്കുട്ടികളോടൊപ്പം കളിക്കാൻ വന്നപ്പോൾ അവർ തുള്ളിച്ചാടി. സന്തോഷം കൊണ്ട് ദിവാകരൻ നായരും അറിയാതെ ചാടിപ്പോയി.
(ഫോൺ: 9946108220)