ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും കൊവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു. ഡോക്‌ടർമാരുടെ ഉപദേശത്തെ തുടർന്നാണ് തീരുമാനം. എന്നാൽ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ കുറച്ചു കാലമായി സോണിയഗാന്ധിക്ക് നെഞ്ചിൽ അണുബാധയുണ്ട്. ഇതിനായുളള ചികിത്സ നടന്നുവരികയാണ്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലും തുടർന്ന് അമേരിക്കയിലും സോണിയ ചികിത്സ തേടിയിരുന്നു. ഡൽഹിയിൽ നിന്ന് താമസം മാറ്റുമ്പോൾ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയക്ക് ഒപ്പമുണ്ടോയെന്ന കാര്യം വ്യക്തമല്ല.
സോണിയ ഗാന്ധിക്ക് നെഞ്ചിലെ അണുബാധ ഗുരുതരമാകാനുളള സാദ്ധ്യത മുൻനിർത്തിയാണ് ഡൽഹി വിട്ട് പോകാനുളള ഡോക്‌ടർമാരുടെ നിർദേശമെന്നാണ് വിവരം. ഡൽഹിയിൽ വായു മലിനീകരണം കുറയുന്നത് വരെ ചൂടുളള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുളളതെന്ന് മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.