സോഷ്യൽ മീഡിയയിൽ ഇപ്പോൾ ബോബി ചെമ്മണ്ണൂർ ആണ് തരംഗം. അദ്ദേഹം കൗമുദി ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖം ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. റോൾസ് റോയ്സ് മുതലുള്ള തന്റെ വാഹനങ്ങളുടെ വിശേഷങ്ങളും, ഇതുവരെ മറ്റൊരു അഭിമുഖത്തിലും പങ്കുവയ്ക്കാത്തതുമായ കാര്യങ്ങളാണ് കൗമുദി ടിവിയിലൂടെ ബോബി ചെമ്മണ്ണൂർ പങ്കുവച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയം, 14 കോടി വിലമതിപ്പുള്ള ഗോൾഡൻ റോൾസ് റോയ്സ് ഫാന്റത്തിന്റെ വിശേഷങ്ങളാണ്. ഇന്ത്യയിൽ തന്നെ ഇതിന്റെ മറ്റൊരു പതിപ്പ് ഇല്ലെന്ന് ബോബി പറയുന്നു. ബാംഗ്ളൂർ പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ എട്ട് ലക്ഷം രൂപ ദിവസ വാടകയുള്ള റോൾസ് റോയ്സ് 25000 രൂപയ്ക്ക് കൊടുക്കുന്നതിന്റെ കാരണവും ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തുകയാണ്.
'കുടുംബത്തിൽ നിന്നടക്കം ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്; നിനക്ക് വട്ടാണോ എന്ന്. കാരണം ബാംഗ്ളൂരിലൊക്കെ എട്ട് ലക്ഷം രൂപ ദിവസ വാടകയുള്ള റോൾസ് റോയ്സ് 25000 രൂപയ്ക്ക് കൊടുക്കുന്നതുകൊണ്ട്. നാല് ലക്ഷം എങ്കിലും ആക്കിക്കൂടെ എന്നാണ് അവരുടെ ചോദ്യം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് എന്നാണ് എന്റെ അഭിപ്രായം. എന്നെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ് ഇതിലുള്ളത്. ഒന്നാമതായിട്ട്, സാധാരണക്കാർക്കും റോൾസ് റോയ്സിൽ കയറി എക്സ്പീരിയൻസ് ചെയ്യാൻ കഴിയണം. അവരുടെ സന്തോഷത്തിന് കാരണക്കാരാനാകൻ കഴിയുമ്പോൾ വലിയൊരു സുഖമുണ്ട്. കാശിനുമപ്പുറത്ത് കിട്ടുന്ന സംഭവമാണത്. 25000 രൂപ എന്നത് കഷ്ടിച്ച് ഇതിന്റെ ചിലവ് കഴിഞ്ഞുപോകാനുള്ളതെയുള്ളൂ. ചിലപ്പോൾ കൈയ്യിൽ നിന്നും ഇറങ്ങും. എന്നാലും സാരമില്ല. രണ്ടാമത്തെ കാര്യം എനിക്ക് കിട്ടുന്ന മാർക്കറ്റിംഗ് തന്നെയാണ്. എല്ലാ കാലവും ഇരുപത്തയ്യായിരത്തിന് കൊടുക്കാൻ പറ്റില്ല. ചിലവുകൾ കൂടുന്നുണ്ട്. കാശുള്ളവർക്കാണെങ്കിൽ അതനനുസരിച്ച് ചാർജ് ചെയ്യും'.
ഹെലികോപ്ടർ സർവീസുള്ള താൻ 500 രൂപയ്ക്ക് പോലും സർവീസ് നടത്തിയിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു. പാവപ്പെട്ടവർക്ക് സൗജന്യമായും ഹെലികോപ്ടർ യാത്ര നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സർവീസുകൾ താൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.