തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സമരം നടത്തിയതിന് പിന്നാലെ സി എ ജിക്കെതിരെയും സി പി എം സമരത്തിന് ഒരുങ്ങുന്നു. ഭരണഘടനാ സ്ഥാപനമായ സി എ ജിയേയും രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി തീരുമാനം. ഇന്നു ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രതിഷേധം എങ്ങനെയാണെന്ന് എൽ ഡി എഫിൽ ചർച്ച ചെയ്‌തതിന് ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
സി എ ജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആവർത്തിച്ചാണ് കിഫ്ബി വിവാദത്തിൽ സർക്കാരും സി പി എമ്മും പ്രതിരോധം തീർക്കുന്നത്. കിഫ്‌ബി ഓഡിറ്റിംഗിനെപ്പറ്റിയുളള സി എ ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് വാർത്താ സമ്മേളനം നടത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
സർക്കാരിന് നൽകിയ റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് പുറത്ത് വിട്ടാണ് ധനമന്ത്രി സി എ ജിയെ പ്രതിക്കൂട്ടിൽ നിർത്തിയത്. കിഫ്ബി വായ്‌പ ഭരണഘടനാവിരുദ്ധമെന്ന സി എ ജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബി ജെ പിയും കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് ധനമന്ത്രിയുടെ ആരോപണം.