swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വിവാദ ശ‌ബ്‌ദരേഖയിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെ‌ന്റ് ഡയറക്‌ടറേറ്റ് ഡി ജി പിക്ക് പരാതി നൽകും. അന്വേഷണം അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് നിലപാട്.

എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്‌ന വായിച്ച് കേട്ട് ഒപ്പിട്ടതാണ്. ശബ്‌ദരേഖയിൽ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തലാണ് പൊലീസിനോട് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെടുന്നത്.

അതേസമയം, ശബ്‌ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് അടിമുടി ആശയക്കുഴപ്പത്തിലാണ്. ശബ്‌ദം തന്റേതെന്ന് സ്വപ്‌ന തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഏത് വകുപ്പിൽ കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. എ ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കാനാണ് നീക്കം.

പൊലീസ് അടക്കം ഉൾപ്പെട്ട ഗൂഢാലോചനയാണ് ശബ്‌ദരേഖ ചോർച്ചക്ക് പിന്നിലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം. എന്നാൽ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ അവസരമാക്കി മാറ്റാനാണ് ഭരണപക്ഷത്തിന്റെ നീക്കം. ശബ്‌ദം തന്റേതെന്ന് സ്വപ്‌ന തിരിച്ചറി‍ഞ്ഞുവെന്ന് ഇന്നലെ വ്യക്തമാക്കിയ ജയിൽവകുപ്പ് ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്.