covid

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് നടത്താൻ കിയോസ്കുകൾ അടക്കം സ്ഥാപിച്ചിട്ടും ജില്ലയിൽ പരിശോധനയ്ക്ക് ആളുകൾ തയ്യാറാകാതിരുന്നതോടെ കഴിഞ്ഞമാസം പരിശോധനകളിൽ കുറവ് രേഖപ്പെടുത്തി. ഒക്ടോബർ അവസാന ആഴ്ച വരെ നടത്തിയ പരിശോധനകൾ കണക്കിലെടുത്താൽ മുൻ മാസങ്ങളിലേതിനെക്കാൾ കുറവുമാണ്. ഇത് ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും കുറഞ്ഞെങ്കിലും പിന്നീട് ഉയർന്നു. ഒരു സമയത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന തലസ്ഥാന ജില്ലയിൽ ഇപ്പോൾ രോഗബാധ താരതമ്യേന കുറഞ്ഞിട്ടുണ്ട്. എന്നാൽ,​ ഏത് സമയത്ത് വേണമെങ്കിലും രോഗവ്യാപന തോത് ഉയരാമെന്ന സ്ഥിതിയാണുള്ളത്.

ആളില്ലാ ക്യാമ്പുകൾ

രോഗവ്യാപനം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലേക്ക് പരിശോധനയ്ക്ക് ജനങ്ങൾ എത്തുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സമീപകാലത്താണ് പരിശോധനകളോട് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു മുഖം തിരിക്കൽ ഉണ്ടായത്. സെപ്തംബറിലും ഒക്ടോബർ ആദ്യത്തെ രണ്ട് ആഴ്ചയിലുമായി 40,0​00 നും 43,​000നും ഇടയിൽ പരിശോധനകൾ നടത്തിയപ്പോൾ നവംബർ രണ്ടാംവാരം പരിശോധനകളുടെ എണ്ണം 33,​000നും 38,0​00 നും ഇടയിൽ ആയിരുന്നു.

പരിശോധനകൾക്ക് ആളുകൾ വിസമ്മതിക്കുന്ന സ്ഥിതി നേരത്തെ സൂപ്പർ സ്‌പ്രെഡുണ്ടായ

തീരദേശ മേഖലകളിലും ഉണ്ടായിരുന്നു.

ജനങ്ങൾ പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതോടെ പരിശോധനാ കിറ്റുകളിൽ പകുതിയും ഉപയോഗിക്കാതെയുമിരുന്നു.

ടി.പി.ആർ ആശ്വാാസം

പരിശോധനകളുടെ എണ്ണം കുറഞ്ഞെങ്കിലും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ)​ കുറഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസത്തിന് വക നൽകുന്നുണ്ട്. സെപ്തംബറിനും ഒക്ടോബർ ആദ്യ ആഴ്ചയ്ക്കും ഇടയിൽ ടി.പി.ആർ 12നും 15 ശതമാനത്തിനും ഇടയിലായിരുന്നു. ഒക്ടോബർ മുതൽ കുറയാൻ തുടങ്ങിയ ടി.പി.ആർ 12.75 ശതമാനത്തിൽ നിന്ന് 9.30 ശതമാനത്തിലേക്ക് എത്തി.

കൊവിഡ് കേസുകൾ ജില്ലയിൽ സ്ഥിരമായ ഉയർച്ച രേഖപ്പെടുത്തുമ്പോഴും സർക്കാർ തലത്തിലുള്ള പരിശോധനകൾ സെപ്തംബറിൽ പ്രതീക്ഷിച്ചതു പോലെ ഉയർന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലകളിലെ പരിശോധനകളാണ് സെപ്തംബറിലെ പരിശോധനകൾ ശരാശരിയിൽ താഴെ പോകാതെ കാത്തത്. സെപ്തംബർ മുതൽ ഒക്ടോബർ ആദ്യ ആഴ്ച വരെ സ്വകാര്യ മേഖലയിലെ കൊവിഡ് പരിശോധനയിൽ 200 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. സെപ്തംബറിൽ 69,​ 271 സാമ്പിളുകൾ സ്വകാര്യ മേഖലയിൽ പരിശോധിച്ചു. സെപ്തംബർ മുതൽ ഒക്ടോബർ ആദ്യ ആഴ്ച വരെ രണ്ട് ലക്ഷം പരിശോധനകൾ നടത്തിയപ്പോൾ അതിൽ 34 ശതമാനവും സ്വകാര്യ മേഖലയിൽ ആയിരുന്നു.