ജമ്മു: പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമായ പിർ കി ഗലിയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്‌ചയിൽ കുടുങ്ങിയ 19 പേരെ സൈന്യം രക്ഷപ്പെടുത്തി. തെക്കൻ കാശ്‌മീരിലെ ഷോപ്പിയാനിലേക്ക് പോകുന്ന പ്രധാന റോഡാണ് ഇവിടം. കുടുങ്ങിയവരിൽ ഒരു കുട്ടിയും ഒരു സ്‌ത്രീയും ഉൾപ്പെടും. മൂന്ന് വാഹനങ്ങളിൽ ഷോപ്പിയാനിലേക്ക് പോകുകയായിരുന്നു ഇവർ. രാത്രി 2 മണിയോടെയാണ് സംഭവം ഉണ്ടായതെന്ന് പൂഞ്ജ് ജിസ്സാ എസ്.എസ്.പി രമേശ് കുമാർ അഗർവാൾ പറഞ്ഞു. കുടുങ്ങിയവരെല്ലാം തദ്ദേശീയരാണെന്ന് സുരക്ഷാസേന പറഞ്ഞു.
യാത്ര തുടരുന്നതിനിടെ മുഗൾ റോഡിൽ ശക്തമായ മഞ്ഞുവീഴ്‌ചയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് സേനയുടെ സഹായത്തോടെ ഇവരെ രക്ഷിക്കുകയായിരുന്നു. ഇവരെ പഗാൻസിലെ ആർമി ക്യാമ്പിലെത്തിച്ച് ആഹാരവും തണുപ്പിൽ നിന്ന് സുരക്ഷാ കവചങ്ങളും നൽകി.കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് മുഗൾ റോഡ് വഴിയുളള ഗതാഗതം തടഞ്ഞിരിക്കുകയാണ്.