വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ബേഡ് ഒഫ് ദ് ഇയർ മത്സരത്തിൽ രണ്ടാം തവണയും വിജയം നേടി സ്റ്റാർ ആയിരിക്കുകയാണ് കകാപോ എന്ന തത്ത. ലോകത്തിലെ ഏറ്റവും വണ്ണമുള്ള തത്ത എന്ന വിശേഷണം കകാപോയ്ക്ക് സ്വന്തമാണ്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും കാണപ്പെടാറുള്ള ഈ തത്തയ്ക്ക് പറക്കാൻ സാധിക്കില്ല. ഫോറസ്റ്റ് ആൻഡ് ബേർഡ് എന്ന സംഘടന 2005 മുതൽ ബേഡ് ഒഫ് ദ് ഇയർ മത്സരം സംഘടിപ്പിക്കുന്നുണ്ട്. 2008 ലാണ് കകാപോ ന്യൂസിലാൻഡ് ബേർഡ് ഒഫ് ദ് ഇയർ പുരസ്കാരം ആദ്യമായി കരസ്ഥമാക്കുന്നത്.
ന്യൂസിലൻഡിൽ മാത്രം കണ്ടുവരുന്ന തത്തയാണ് കകാപോ (Kakapo). രാത്രികാലങ്ങളിലാണ് ഇവയുടെ ഇരതേടൽ. ഇവ കടത്ത വംശനാശ ഭീഷണി നേരിടുന്നുണ്ട്. കകാപോ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷി കൂടിയാണ്.
1990കളിൽ ഈ പക്ഷിയുടെ എണ്ണം വെറും 50 ആയിരുന്നു. എന്നാൽ, ഇപ്പോൾ ഇവയുടെ ജനസംഖ്യ 213 ആയി ഉയർന്നിരിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഇവയെ ഇണക്കി വളർത്താറുമുണ്ട്.
കകാപോകൾ ശരീരത്തിൽനിന്ന് ഒരു പ്രത്യേകതരം ഗന്ധം പുറപ്പെടുവിക്കാറുണ്ട്. ഇത് അവയെ പരസ്പരം കണ്ടെത്തുന്നതിന് സഹായിക്കുന്നു. പ്രായപൂർത്തിയായ കാകാപോ തത്തകൾക്ക് രണ്ട് കിലോഗ്രാമിലധികം ഭാരമുണ്ട്.