ന്യൂഡൽഹി : സമുദ്രനിരപ്പിൽ നിന്നും 22,000 അടി ഉയരത്തിൽ - 40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന ഒരു പ്രദേശത്ത് കഴിയുക എന്നത് പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. എന്നാൽ അതിർത്തി കാക്കുന്ന ധീര ജവാൻമാർ ഇത്രയും ദുഃഷ്കരമായ കാലാവസ്ഥയിലും നമ്മുടെ രാജ്യത്തിനായി നിലയുറപ്പിച്ചിരിക്കുകയാണ്.
ജവാൻമാരെ പോലെ തന്നെ അവരുടെ സഹായത്തിനെത്തുന്ന പോർട്ടർമാരും ഈ പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ്. സിയാച്ചിനിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരുടെ ആർമി പോസ്റ്റുകളിലേക്ക് 20 കിലോഗ്രാം വരെയുള്ള ലോഡുകൾ എത്തിക്കുന്ന പോർട്ടർമാർ അവിടുത്തെ പ്രദേശവാസികൾ തന്നെയാണ്.
അത്തൊരുമൊരു ആർമി പോർട്ടറെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ലഡാക് സ്വദേശിയായ 31 കാരൻ സ്റ്റാൻസിൻ പദ്മ എന്ന പോർട്ടർ ഒരു ദശാബ്ദത്തോളം നീണ്ട തന്റെ സേവന ജീവിതത്തിനിടെ നിരവധി ആർമി ജവാൻമാരുടെ ജീവൻ രക്ഷിക്കുകയും മഞ്ഞുപാളികൾക്കിടെയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട സൈനികരുടെയും പോർട്ടർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തയാളാണ്.
2014ൽ രാജ്യം ജീവൻ രക്ഷാ പഥക് നൽകി ആദരിച്ച വ്യക്തിയാണ് സ്റ്റാൻസിൻ പദ്മ. സമുദ്രനിരപ്പിൽ നിന്നും 21,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൈഗർ എൽ പി പോസ്റ്റിലുണ്ടായ ഹിമാപാതത്തിൽ കുടുങ്ങിയ രണ്ട് ജവാൻമാരെ രക്ഷിക്കുമ്പോൾ രക്ഷാദൗത്യത്തിനായി നിയോഗിക്കപ്പെട്ട അഞ്ചംഗ ടീമിലെ അംഗമായിരുന്നു പദ്മ.
2013 മേയ് അവസാനമാണ് ഒരു രാത്രിയിൽ അവിടെ ഹിമപാതത്തെ തുടർന്ന് അഞ്ച് സൈനികരെ കാണാതായത്. ഇന്ത്യൻ ആർമിയിലെ ഒരു ഓഫീസറും പദ്മയും അടക്കമുള്ള അഞ്ച് പേർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഹിമപാളിയ്ക്കുള്ളിൽ കുടുങ്ങിയ സൈനികരെ രക്ഷിക്കാനായി ആദ്യം അവർ സ്നോ സ്കൂട്ടറുകളിലാണ് പുറപ്പെട്ടതെങ്കിലും കാലാവസ്ഥ അതീവമോശമായതോടെ അതുപേക്ഷിച്ച് കാൽനടയായി മഞ്ഞുമലകൾ കയറേണ്ടി വന്നു.
ഇതിനിടെ ഇവർക്കും ഹിമപാതം നേരിടേണ്ടി വന്നു. അഞ്ചു പേരും മഞ്ഞുപാളികൾക്കുള്ളിലകപ്പെട്ടു. ആർക്കും ഒരിഞ്ച് പോലും അനങ്ങാനായില്ല. എന്നാൽ സംഘത്തിലെ ഒരാളുടെ ശരീരത്തിന്റെ അരയ്ക്ക് താഴ്ഭാഗം മാത്രമാണ് മഞ്ഞിൽ താണു പോയത്. അദ്ദേഹം വളരെ പ്രയാസപ്പെട്ട് പുറത്തെത്തുകയും പൂർണമായി മഞ്ഞിൽ പുതഞ്ഞ് പോയ മറ്റ് നാല് പേരെ രക്ഷിക്കുകയും ചെയ്തു.
മോശം കാലാവസ്ഥയായതിനാൽ തങ്ങൾ വന്ന പോസ്റ്റിലേക്ക് തന്നെ മടങ്ങി പോയി രാവിലെ രക്ഷാപ്രവർത്തനത്തിനായി മടങ്ങി വരാൻ പദ്മയും സംഘവും തീരുമാനിച്ചു. സംഘത്തിലെ എല്ലാവരും തീർത്തും അവശരും ആയിരുന്നു. പിറ്റേ ദിവസം രക്ഷാപ്രവർത്തനം തുടർന്നു. ഹിമപാളിയ്ക്കുള്ളിൽ നിന്നും അതി സാഹസികമായി രണ്ട് ജവാൻമാരെ രക്ഷിക്കാൻ കഴിഞ്ഞു. നിർഭാഗ്യ വശാൽ മറ്റ് മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. എല്ലാവരെയും സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷത്തിന് ശേഷം അഖ്നൂറിൽ നടന്ന ആർമി ഡേ ആഘോഷത്തിൽ പദ്മ ഉൾപ്പെട്ട ദൗത്യ സംഘത്തിന് അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ സിയാച്ചിനിൽ വച്ച് പദ്മയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.
പോസ്റ്റുകളുടെ ഗ്രേഡ് അനുസരിച്ച് പദ്മ അടക്കമുള്ള പോർട്ടർമാർക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് പ്രതിഫലം നൽകുന്നത്. സിയാച്ചിൻ ഹിമാനിയിൽ ഏകദേശം 100 ഓളം പോസ്റ്റുകളുണ്ട്. ഇവയുടെ സ്ഥാനവും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും അനുസരിച്ച് അഞ്ച് ഗ്രേഡുകളായാണ് തിരിച്ചിരിക്കുന്നത്. ഉയർന്ന് സ്ഥിതി ചെയ്യുന്ന പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന പോർട്ടർമാർക്ക് ദിവസവും 857 രൂപ വരെയും ബേസ് ക്യാമ്പുകളിൽ പ്രവർത്തിക്കുന്നവർക്ക് 694 രൂപ വരെയുമാണ് നൽകുന്നത്. 2017 മുതൽ ഈ കണക്കിൽ മാറ്റമില്ലെന്ന് പദ്മ പറയുന്നു.
ഹിമപാതത്തോടും മോശം കാലാവസ്ഥയോടും പടവെട്ടിയാണ് ഇവർ മൂന്ന് മാസം ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. 89 ദിവസം ജോലി ചെയ്ത ശേഷം പദ്മ സിയാച്ചിനിൽ നിന്നും ഇറങ്ങുകയും നാട്ടിലെത്തി സർക്കാർ ആശുപത്രിയിൽ പരിശോധനകളും മറ്റും നടത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും സിയാച്ചിൻ മലനിരകളിലേക്ക് കയറും. ഒരു പതിറ്റാണ്ടോളം പോർട്ടറിന്റെ ജോലി ചെയ്ത പദ്മ പിന്നീട് ഒരു ട്രെക്കിംഗ് ഏജൻസിയിലും നുബ്ര ആസ്ഥാനമാക്കിയുള്ള ഹോട്ടലിലെ മാനേജരായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോൺട്രാക്ടർ കൂടിയായ പദ്മ ടൂറിസം മേഖലയിലാണ് ജോലി ചെയ്യുന്നത്.