ടൊറന്റോ: വരുന്ന രണ്ട് മാസത്തേയ്ക്ക് ഉത്തരധ്രുവത്തിലെ അലാസ്കൻ പട്ടണമായ ഉത്കിയാഗ്വിക്കിൽ അന്ധകാരത്തിന്റെ നാളുകളായിരിക്കും. അതായത്, രണ്ട് മാസത്തിന് ശേഷമേ മുൻപ് ബാരോ എന്നറിയപ്പെട്ടിരുന്ന ഉത്കിയാഗ്വിക്കിൽ സൂര്യൻ ഉദിക്കൂ.
വ്യാഴാഴ്ച അസ്തമിച്ച സൂര്യൻ ഇനി 60 ദിവസത്തിന് ശേഷമെ ഉത്കിയാഗ്വിക്കിന് പ്രകാശം പകരൂ.
ആർട്ടിക് സർക്കിളിന് വടക്ക് സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണത്തിൽ സംഭവിക്കുന്ന ഈ പ്രതിഭാസം 'പോളാർ നൈറ്റ്' അഥവാ 'ധ്രുവ രാത്രി' എന്ന പേരിലാണ് അറിയപ്പെടുന്നത്.
24 മണിക്കൂറും സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളെ ധ്രുവരാത്രി എന്ന് വിളിക്കുന്നത്. യൂണിവേഴ്സിറ്റി ഒഫ് അലാസ്ക ഫെയർബാങ്ക്സ് സീ ഐസ് ഗ്രൂപ്പ് ഈ പ്രകൃതി വിസ്മയം വെബ്ക്യാമിൽ പിടിച്ചെടുത്തിട്ടുണ്ട്.2021 ജനുവരി 23ന് ശേഷമേ ഇനി ഇവിടെ സൂര്യൻ ഉദിക്കൂ എന്ന് അമേരിക്കൻ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു.
സൂര്യോദയത്തിന് തൊട്ടുമുൻപോ, അല്ലെങ്കിൽ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയോ ആകാശം എങ്ങനെയിരിക്കുമോ അപ്രകാരമാണ് ഈ പട്ടണത്തിൽ മണിക്കൂറുകളോളം കാണപ്പെടുന്നത് എന്ന് കാലാവസ്ഥ വിദഗ്ദ്ധനായ ചിൻചാർ വ്യക്താക്കി. ഈ അപൂർവ പ്രതിഭാസം ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണമാണ് ഓരോ ശൈത്യകാലത്തും ഈ പ്രതിഭാസമുണ്ടാകുന്നത്.
അച്ചുതണ്ടിലെ ഈ ചരിവ് സൂര്യന്റെ ഡിസ്കുകളൊന്നും ചക്രവാളത്തിന് മുകളിൽ കാണാതിരിക്കാൻ ഇടയാക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.അതേസമയം, ഈ സമയത്ത് പൂർണമായും നഗരം ഇരുട്ടിലേക്ക് പോകുന്നില്ല, പകരം ഒട്ടുമിക്ക പകൽ സമയങ്ങളും സിവിൽ സന്ധ്യ (CIVIL TWILIGHT) എന്നറിയപ്പെടുന്ന കാലഘട്ടങ്ങളിലൂടെ കടന്നുപോകുമെന്നും ചിൻചാർ വ്യക്തമാക്കി.