ന്യൂഡൽഹി: ആൺ സുഹൃത്തിന് വാട്ട്സ് ആപ്പ് സന്ദേശമയച്ച സഹോദരിയെ വെടിവച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. 16 വയസുള്ള പെൺകുട്ടി വയറിനു വെടിയേറ്റ് ജഗ് പരവേഷ് ചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. പതിനേഴുകാരനായ സഹോദരനെതിരെ കൊലപാതക ശ്രമത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി സുഹൃത്തിന് നിരന്തരമായി വാട്ട്സ് ആപ്പ് വഴി സന്ദേശമയയ്ക്കുന്നതും മുഴുവൻ സമയവും ഫോൺവിളിക്കുന്നതും ഓപ്പൺ സ്കൂൾ വിദ്യാർത്ഥിയും സലൂൺ ജീവനക്കാരനുമായ 17കാരൻ എതിർത്തിരുന്നു. ഇത് വകവയ്ക്കാതെ വീണ്ടും സന്ദേശം അയച്ചതോടെ ഇരുവരും തമ്മിൽ വഴക്കായി. ഇന്നലെ രാവിലെയും ഇതു സംബന്ധിച്ച് വഴക്കു തുടർന്നു. തുടർന്നാണ് സഹോദരിക്കു നേരെ ഇയാൾ വെടിയുതിർത്തത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ നില ഭേദപ്പെട്ടതായി ഡെപ്യൂട്ടി കമ്മിഷണർ വേദ് പ്രാകശ് സൂര്യ അറിയിച്ചു. മാസങ്ങൾക്കു മുൻപ് മരിച്ചുപോയ സുഹൃത്തിൽ നിന്നാണ് താൻ തോക്ക് വാങ്ങിയതെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ടെങ്കിലും അതിന്മേൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.