petrol

കൊച്ചി: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കൂടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 32 പൈസ വർദ്ധിച്ച് 83.21 രൂപയായി. 37 പൈസ ഉയർന്ന് 76.28 രൂപയാണ് ഡീസലിന്.

സെപ്‌തംബർ 22 മുതൽ പെട്രോളിനും ഒക്‌ടോബർ രണ്ടുമുതൽ ഡീസലിനും വിലമാറ്റമില്ലായിരുന്നു. അന്താരാഷ്‌ട്ര ക്രൂഡോയിൽ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ കണക്കിലെടുത്താണ് ഇന്നലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വില ഉയർത്തിയത്.

കൊവിഡ് കാലത്തെ ഡിമാൻഡില്ലായ്‌മ മൂലം ഏറെക്കാലം കുറഞ്ഞനിരക്കിൽ തുടർന്ന രാജ്യാന്തര ക്രൂഡ് വില കൂടിത്തുടങ്ങിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ രാജ്യാന്തരവില ഒക്‌ടോബർ 30ന് ബാരലിന് 37.94 ഡോളറായിരുന്നു. ഇന്നലെ 44.70 ഡോളർ. ഇന്ത്യ വാങ്ങുന്ന വില ഇന്നലെ 43.79 ഡോളറാണ്. ഒക്‌ടോബ‌ർ 30ന് 37.01 ഡോളറായിരുന്നു.

പെട്രോൾ/ഡീസൽ വില

തിരുവനന്തപുരം

 പെട്രോൾ : ₹83.21 (+₹0.32)

 ഡീസൽ : ₹76.28 (+₹0.37)

കൊച്ചി

 പെട്രോൾ : ₹81.76 (+₹0.31)

 ഡീസൽ : ₹74.84 (+₹0.36)

കോഴിക്കോട്

 പെട്രോൾ : ₹82.13 (+₹0.31)

 ഡീസൽ : ₹75.19 (+₹0.36)

വില എങ്ങോട്ട്?

ലോക്ക്ഡൗൺ മൂലം നഷ്‌ടപ്പെട്ട ഡിമാൻഡ് ക്രൂഡോയിൽ തിരിച്ചുപിടിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണം. അമേരിക്കയിലും യൂറോപ്പിലും സ്ഥിതി മാറിയിട്ടില്ല. എന്നാൽ ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി ഏഷ്യൻ രാജ്യങ്ങളിൽ ഇന്ധന വിതരണം കൊവിഡിന് മുമ്പത്തെ സ്ഥിതിയിലെത്തിക്കഴിഞ്ഞു. വരുംനാളുകളിലും വില കൂടുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

 സൗദി ആരാംകോ അടക്കം ലോകത്തെ പ്രമുഖ എണ്ണക്കമ്പനികളെല്ലാം 'റിന്യൂവബിൾ എന‌ർജി"യിലേക്ക് ശ്രദ്ധതിരിക്കുകയാണ്. ഇതിനുള്ള മൂലധനം കണ്ടെത്തേണ്ടതിനാൽ, ക്രൂഡോയിൽ വില ഉയരേണ്ടത് ഇവർക്ക് അത്യാവശ്യമാണ്.