election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങൾ സ്ഥാനാർത്ഥികളും പ്രവർത്തകരും സൗകര്യപൂർവം മറക്കുന്നു. കൊവിഡിൽ നിന്ന് ജില്ല മുക്തമാകാത്തപ്പോഴാണ് പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറക്കുന്ന കാഴ്ച. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും പേരിനു മാത്രമായി. വീടുകൾ സന്ദർശിച്ച് വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ പാടുള്ളൂ എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും വലിയ ആൾക്കൂട്ടമാണ് കാണുന്നത്. പലരും മാസ്ക് ധരിക്കുന്നില്ലെന്നു മാത്രമല്ല പല സ്ഥാനാർത്ഥികളും വീട്ടിലേക്ക് വരെ കടന്ന് ഹസ്തദാനവും ആലിംഗനവും നടത്തുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. പലർക്കും ഇഷ്ടമില്ലെങ്കിൽ പോലും മുഖത്തു നോക്കി പറയാനുള്ള ബുദ്ധിമുട്ട് കാരണം സഹിക്കുകയാണ്..

മാസ്ക് ചുരുട്ടി കൈയിൽ

പല സ്ഥാനാർത്ഥികളും മാസ്ക് കയ്യിൽ ചുരുട്ടി വച്ചാണ് വോട്ടഭ്യർത്ഥിക്കുന്നത്. ഭവന സന്ദർശനത്തിൽ അഞ്ചു പേരിൽ കൂടാൻ പാടില്ല. വീട്ടിൽ കയറി വോട്ട് ചോദിക്കരുതെന്നും പുറത്ത് സാമൂഹിക അകലം പാലിച്ചു വോട്ടു തേടണമെന്നുമാണ് സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിർദ്ദേശം. പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലും ഇലക്ട്രിക് - ടെലിഫോൺ പോസ്റ്റുകളിലും പ്രചാരണ ഫ്ലക്‌സുകൾ നിറഞ്ഞു. വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും മാർഗതടസമുണ്ടാക്കുന്ന രീതിയിൽ നടപ്പാതയും റോഡുകളും കൈയടക്കിയാണ് ചിലയിടങ്ങളിൽ പരസ്യങ്ങൾ ഇടംപിടിച്ചത്. പൊതുജനങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ പരസ്യങ്ങൾ പാടില്ലെന്ന നിർദ്ദേശം പലരും പാലിക്കുന്നില്ല. പെരുമാറ്റച്ചട്ടം നിലവിൽവന്ന അന്നുതന്നെ പ്ലാസ്റ്റിക്ക് നൂൽ പോലും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ടെങ്കിലും ഇതെല്ലാം ബധിര കർണങ്ങളിലാണ് പതിച്ചത്.

അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ പരസ്യം സ്ഥാപിക്കാനോ വരയ്‌ക്കാനോ എഴുതാനോ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ചുവരെഴുതാനും പോസ്റ്റർ പതിക്കാനും സമ്മതിച്ചില്ലെങ്കിൽ ഭീഷണി പിന്നാലെയെത്തും. പരാതിയുമായി വീട്ടുകാരെത്തിയാൽ പ്രാദേശിക നേതാക്കൾ ഇടപെട്ട് എല്ലാം ഒതുക്കി തീർക്കും.

ഉച്ചഭാഷണിയും
തിരഞ്ഞെടുപ്പിൽ മൈക്ക് അനൗൺസ്‌മെന്റ് വഴിയുള്ള പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. ഇതിനുള്ള അപേക്ഷകളുമായി രാഷ്ട്രീയ പാർട്ടികൾ പൊലീസ് സ്റ്റേഷനുകളെ സമീപിച്ചു. നഗരത്തിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർമാർക്കാണ് മൈക്ക് അനുമതി നൽകാനുള്ള ചുമതല. അസി. കമ്മിഷണർ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകൾ അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി.ഐമാർക്കു കൈമാറും. എസ്.എച്ച്.ഒമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി നിലവിലുണ്ടായിരുന്ന നിരോധനാജ്ഞയുടെ കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ മൈക്ക് അനൗൺസ്‌മെന്റിന് അപേക്ഷകൾ ലഭിച്ചിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ ഡിവൈ.എസ്.പിമാരാണ് അനുമതി നൽകേണ്ടത്. അപേക്ഷകളിന്മേലുള്ള റിപ്പോർട്ട് എസ്.എച്ച്.ഒമാർ ഡിവൈ.എസ്‌പിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള റോഡ് ഷോയ്ക്കും റാലിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ട്. മാനദണ്ഡം പാലിക്കാതെ റോഡ് ഷോയും റാലിയും മൈക്ക് അനൗൺസ്‌മെന്റും നടത്തിയാൽ നടപടിയുണ്ടാകും.