വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോർജിയയിൽ നടത്തിയ റീ കൗണ്ടിംഗിൽ അന്തിമ വിജയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്.
മാനുവൽ റീകൗണ്ടിംഗ് പൂർത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ ജോർജിയയിൽ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ബൈഡൻ. 1992ൽ ബിൽ ക്ലിന്റനാണ് ജോർജിയയിൽ അവസാനമായി വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ജോർജിയ സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെവെബ്സൈറ്റിലാണ് വോട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. 306 ഇലക്ടറൽ സീറ്റുകൾ ബൈഡൻ നേടിയിട്ടും ഇതുവരെ പരാജയം അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല.
അതേസമയം, ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് ബൈഡൻ വ്യക്തമാക്കി. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ പെരുമാറ്റരീതികളുടെ പേരിൽ അവർക്ക് മറുപടി നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.'ആദ്യ ദിവസംതന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും. ചൈനയെ പാഠം പഠിപ്പിക്കുന്നതിനൊന്നുമല്ല അത്. നിയമങ്ങളനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് അവർ മനസ്സിലാക്കണം.
ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്'' -ബൈഡൻ പറഞ്ഞു.
ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ചൈനയിൽ കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പിന്നീട് ജൂലായിൽ അമേരിക്ക ഔദ്യോഗികമായി സംഘടനയിൽ നിന്ന് പിന്മാറിയിരുന്നു.