ഇതാണ് അലാസ്കയിലെ ഉറ്റ്‌ക്വിയാഗ്‌വിക് പട്ടണം. വ്യാഴാഴ്ചയായിരുന്നു ഇവിടുള്ളവർ ഈ വർഷത്തെ ' അവസാനത്തെ സൂര്യാസ്തമയം ' കണ്ടത്. ഇനി ഇവിടെ സൂര്യനുദിച്ച് അസ്തമിക്കുന്നത് കാണണമെങ്കിൽ 66 ദിവസം കഴിയണം. അതുവരെ ഇവിടെയുള്ളവർക്ക് പകൽ വെളിച്ചം കാണാൻ സാധിക്കില്ല.!
' പോളാർ നൈറ്റ് ' എന്ന പ്രതിഭാസമാണ് ഇതിന് കാരണം. ' ബാരോ ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉറ്റ്‌ക്വിയാഗ്‌വിക് ആർട്ടിക് സർക്കിളിന് 320 മൈലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാ മേഖലകളിലും പോളാർ നൈറ്റ് പ്രതിഭാസം അനുഭവപ്പെടുന്നുണ്ട്.
2021 ജനുവരി 23 വരെ ഇവിടെ ജീവിക്കുന്നവർ ഇനി ഇരുട്ടിൽ കഴിയണം. അന്ന് ഔദ്യോഗികമായി സൂര്യൻ ഉദിക്കുമെങ്കിലും ഫെബ്രുവരി ആദ്യ ആഴ്ച വരെ ഏതാനും മിനിറ്റുകൾ വരെ മാത്രമേ സൂര്യോദയം നീണ്ടു നിൽക്കൂ. അതേ സമയം, സൂര്യൻ ഉദിക്കില്ലെന്ന് പറയുമ്പോഴും പകൽ സമയം കൂരാകൂരിരുട്ട് ആകില്ല. പകരം സന്ധ്യാസമയത്തൊക്കെ കാണുന്നത് പോലെ നേരിയ വെളിച്ചം പ്രകടമാകും.
ഒരു നിശ്ചിത അളവിൽ സൂര്യൻ ചക്രവാളത്തിന് താഴെ വരുന്നതാണ് പോളാർ നൈറ്റ് പ്രതിഭാസത്തിന് കാരണം. ഇപ്പോൾ സംഭവിക്കുന്നതിന്റെ നേർ വിപരീതമായി മേയ് മുതൽ ഓഗസ്റ്റ് വരെ സൂര്യൻ അസ്തമിക്കാതെ ഇവിടെ നിലകൊള്ളുകയും ചെയ്യും.