ശബരിമല: തീർത്ഥാടകർ കുറഞ്ഞതോടെ നെയ് ത്തേങ്ങ ഇല്ലാതെ അണഞ്ഞ പതിനെട്ടാം പടിക്ക് താഴെയുള്ള ആഴി വീണ്ടും ജ്വലിപ്പിച്ചു. ഞായറാഴ്ചയാണ് ആഴി അണഞ്ഞത്. നെയ് ത്തേങ്ങയുടെ കുറവുകാരണം ചെറിയ തീനാളം മാത്രമാണ് ഉണ്ടായിരുന്നത്. കനത്ത മഴയിൽ ഇത് അണയുകയായിരുന്നു. പിന്നീട് ഭക്തർ സമർപ്പിച്ച നെയ് ത്തേങ്ങകൾ കുരങ്ങൻമാർ എടുത്തുകൊണ്ടു പോവുകയും ചെയ്തു.
ഭക്തർ ആശങ്ക അറിയിച്ചതോടെ ഇന്നലെ ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം കൊണ്ട് അഴി ജ്വലിപ്പിക്കുകയായിരുന്നു.
തീർത്ഥാടന കാലത്ത് അണയാതെ കത്തിജ്വലിക്കുന്ന അഴി ആദ്യമായാണ് അണഞ്ഞത്. ഭക്തർ കൊണ്ടുവരുന്ന നെയ് ത്തേങ്ങാ മുറികളാണ് ആഴിയിൽ സമർപ്പിക്കുന്നത്. ഇവ കത്തി ഉയരുന്ന അഗ്നിനാളങ്ങൾ സന്നിധാത്തെ ചൈതന്യമേകുന്ന കാഴ്ചയാണ്.
നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകത്തിനായി സമർപ്പിച്ച ശേഷമാണ് തേങ്ങ ആഴിയിൽ സമർപ്പിക്കുന്നത്. നെയ്യ് അഭിഷേകം ചെയ്യുമ്പോൾ ജീവാത്മാവ് അയ്യപ്പനിൽ വിലയം പ്രാപിക്കുമെന്നും നെയ്യ് നീക്കിയ തേങ്ങ ജഡശരീരമായി മാറുമെന്നുമാണ് വിശ്വാസം. അതിനാലാണ് ആഴിയിൽ സമർപ്പിച്ച് ദഹിപ്പിക്കുന്നത്. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ പരിശുദ്ധമാക്കുന്നുവെന്നും രോഗാണുക്കളെ ഇല്ലാതാക്കുന്നുവെന്നും വിശ്വസിക്കുന്നു.