lng

കൊച്ചി: ഗതാഗതരംഗത്ത് അന്തരീക്ഷ മലിനീകരണം തീരെക്കുറഞ്ഞ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ.എൻ.ജി) ലഭ്യതയും ഉപഭോഗവും ഉയർത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനായി മൂന്നുവർഷത്തിനകം 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ഇക്കാലയളവിൽ രാജ്യവ്യാപകമായി 1,000 എൽ.എൻ.ജി വിതരണ സ്‌റ്റേഷനുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ കേരളത്തിലുൾപ്പെടെ 50 സ്‌റ്റേഷനുകളാണ് സ്ഥാപിക്കുക. ഇതിൽ 20 എണ്ണം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേത് (ഐ.ഒ.സി) ആയിരിക്കും. ഹിന്ദുസ്ഥാൻ പെട്രോളിയവും (എച്ച്.പി.സി.എൽ) ഭാരത് പെട്രോളിയവും (ബി.പി.സി.എൽ) പതിനൊന്നു വീതവും ഗെയിൽ ആറും പെട്രോനെറ്റ് എൽ.എൻ.ജി രണ്ടും സ്റ്റേഷനുകൾ സ്ഥാപിക്കും.

ആദ്യഘട്ടത്തിൽ ഏറ്റവുമധികം സ്‌റ്റേഷനുകൾ വരുക ഗുജറാത്തിലാണ്; പത്തെണ്ണം. ആന്ധ്രപ്രദേശ് (ആറ്), കർണാടക (അഞ്ച്), തമിഴ്നാട് (എട്ട്) കേരളം (മൂന്ന്), രാജസ്ഥാൻ (മൂന്ന്) എന്നിവയാണ് ഏറ്റവുമധികം സ്‌റ്റേഷനുകൾ ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. പെട്രോനെറ്റ് എൽ.എൻ.ജിക്ക് എറണാകുളം പുതുവൈപ്പിൽ എൽ.എൻ.ജി ടെർ‌മിനലുണ്ട്. തിരുവനന്തപുരം, കൊച്ചി, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിൽ എൽ.എൻ.ജി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് പെട്രോനെറ്റ് വ്യക്തമാക്കിയിരുന്നു.

ഗതാഗത, ചരക്കുനീക്ക രംഗത്ത് എൽ.എൻ.ജി വൻ മാറ്റത്തിനും നേട്ടത്തിനും വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഒരുവർഷത്തിനകം 150 എൽ.എൻ.ജി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ലക്ഷ്യം. ഓരോ 200 കിലോമീറ്ററിലും കുറഞ്ഞത് ഒരു സ്‌റ്റേഷനാണ് ഉദ്ദേശിക്കുന്നത്.

എൽ.എൻ.ജിയും

കേരളവും

ഗെയിൽ ഇന്ത്യയുടെ കൊച്ചി-മംഗലാപുരം എൽ.എൻ.ജി പൈപ്പ്‌ലൈൻ പദ്ധതി പൂർ‌ത്തിയായിട്ടുണ്ട്. 510 കിലോമീറ്ററാണ് നീളം. കമ്മിഷനിംഗ് അടുത്തമാസം നടക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,000-1,500 കോടി രൂപ ലഭിക്കും.

 കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ നിന്നാണ് എൽ.എൻ.ജി ലഭ്യമാക്കുക.

 കൊച്ചി മുതൽ കാസർഗോഡ് വരെ വിവിധ സബ്-സ്‌റ്റേഷനുകളുണ്ടാകും. ഇവയിൽ നിന്ന് വീടുകളിലേക്ക് പാചകാവശ്യത്തിനും വ്യവസായ സ്ഥാപനങ്ങൾക്കും ഇന്ധനം ലഭ്യമാക്കും.

 നിലവിൽ ഫാക്‌ട് ഉൾപ്പെടെ ഏതാനും കമ്പനികൾ എൽ.എൻ.ജി ഉപയോഗിക്കുന്നു.

 സുരക്ഷയേറിതയാണെന്നും മറ്റ് ഇന്ധനത്തേക്കാൾ ചെലവ് കുറവാണെന്നതും എൽ.എൻ.ജിയുടെ മികവാണ്.

പെട്രോനെറ്റ് എൽ.എൻ.ജി

2013ലാണ് പെട്രോനെറ്റ് എൽ.എൻ.ജിയുടെ പുതുവൈപ്പ് ടെർമിനൽ കമ്മിഷൻ ചെയ്‌തത്. 4,700 കോടി രൂപയാണ് നിക്ഷേപം. നിലവിൽ, ടെർമിനലിന്റെ ശേഷിയുടെ പത്തു ശതമാനത്തോളം മാത്രമാണ് ഉപയോഗം. പൈപ്പ്‌ലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇത് 40-50 ശതമാനമാകും.

40%

ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ എൽ.എൻ.ജി വില 40 ശതമാനം കുറവാണ്.

18%

33,887 മില്യൺ മെട്രിക് സ്‌റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എം.എം.എസ്.സി.എം) എൽ.എൻ.ജിയാണ് 2019-20ൽ ഇന്ത്യ ഇറക്കുമതി ചെയ്‌തത്. 2018-19ലെ 28,740 എം.എം.എസ്.സി.എമ്മിനേക്കാൾ 18 ശതമാനം അധികമാണിത്.

എൽ.എൻ.ജി ടെർമിനലുകൾ

 പെട്രോനെറ്റ് എൽ.എൻ.ജി, ദഹേജ്

 പെട്രോനെറ്റ് എൽ.എൻ.ജി, കൊച്ചി

 ഷെൽ എനർജി, സൂറത്ത്

 കൊങ്കൺ എൽ.എൻ.ജി, ദബോൽ

 ഐ.ഒ.സി. എൽ.എൽ.ജി, എന്നോർ

 ജി.എസ്.പി.സി എൽ.എൻ.ജി, മുന്ദ്ര