വാഷിംഗ്ടൺ:നീണ്ട നിയമ യുദ്ധത്തിനൊടുവിൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ കണ്ടെത്തിയ ദിനോസർ ഫോസിലുകൾ റാലി മ്യൂസിയത്തിലേക്ക് മാറ്റി. പരസ്‍പരം ഏറ്റുമുട്ടുന്ന രണ്ട് മാംസഭുക്കുകളായ ദിനോസറുകളുടെ ഫോസിലുകളാണിത്.
ഇവയുടെ അവസാനത്തെ ഏറ്റുമുട്ടലായിരുന്നു ഇതെന്നാണ് ഗവേഷകർ കരുതുന്നത്.
ഏതാണ്ട് 67 ദശലക്ഷം വർഷങ്ങൾക്ക് മുന്‍പാണ് ഇവ ജീവിച്ചിരുന്നത് എന്നാണ് കണക്കുകൂട്ടൽ.
മൊണ്ടാന സംസ്ഥാനത്തെ ഒരു കുന്നിൽ 2006ൽ നടത്തിയ ഖനനത്തിലാണ് ഫോസിലുകൾ കണ്ടെത്തിയത്. മണ്ണോടുകൂടെ തന്നെ ഫോസിലുകൾ വീണ്ടെടുക്കുകയായിരുന്നു. സ്ഥലം ഉടമയാണോ ഖനനം നടത്തിയ കമ്പനിയാണോ ഫോസിലിന്റെ ഉടമ എന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
ജൂണിൽ സ്ഥലം ഉടമയ്ക്ക് തന്നെ ഫോസിലുകളുടെ ഉടമസ്ഥാവകാശം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള ഫോസിൽ അപൂർവമാണെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.