മണാലി: മുഴുവൻ ആളുകൾക്കും കൊവിഡ് ബാധിച്ച് ഒരു ഗ്രാമം. ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്‌വരിയിലുള്ള തൊറാംഗ് ഗ്രാമമാണ് ഒന്നാകെ കൊവിഡ് പോസിറ്റീവായത്. ഗ്രാമത്തിലെ 42 പേരിൽ 41 പേരുടെയും പരിശോധനാഫലം പോസിറ്റീവായിരുന്നു. 52കാരനായ ഭൂഷൺ താക്കൂർ മാത്രമാണ് നെഗറ്റീവായത്. ശൈത്യകാലം തുടങ്ങിയതോടെ തൊറാംഗിലെ ഗ്രാമവാസികളിൽ ഭൂരിഭാഗവും കുളുവിലേക്ക് കുടിയേറിയിരുന്നു. 42 പേർ മാത്രമാണ് അവശേഷിച്ചത്. അവരെല്ലാം രണ്ട് ദിവസം മുൻപ് കൊവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു. കുറച്ചു ദിവസം മുൻപ് ഗ്രാമത്തിൽ ഒരു മതപരമായ ചടങ്ങ് നടന്നതായും അതിൽ ഗ്രാമവാസികളെല്ലാം പങ്കെടുത്തതായുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതാണ് കൊവിഡ് പടരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗ്രാമത്തിന്റെ പരിസര പ്രദേശങ്ങളിലേക്കും കൊവിഡ് വ്യാപിക്കുന്നത് വളരെ ആശങ്കയോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്. താഴ്വരയിൽ കൊവിഡ് പടർന്നതോടെ വിനോദസഞ്ചാരികൾക്ക് കർശന വിലക്കേർപ്പെടുത്തി. ഗ്രാമത്തിനുചുറ്റും കണ്ടെയ്ൻമെന്റ് സോണാക്കുകയും ചെയ്തു.